രക്ഷകരായി റിഷാബ് പന്തും സുന്ദറും :മൊട്ടേറയിൽ ലീഡ് നേടി ടീം ഇന്ത്യ – പന്തിന് കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി

images 2021 03 05T182421.334

റിഷഭ് പന്തിന്‍റെ  വെടിക്കെട്ട്  സെഞ്ചുറിയുടെയും ആൾറൗണ്ടർ  വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ  ഇംഗ്ലണ്ടിനെിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ടോട്ടലായ  205 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 89  റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീ‍ഡുണ്ട്. വാഷിംഗ്‌ടൺ സുന്ദർ (60*) അക്ഷർ പട്ടേൽ (11*) എന്നിവരാണ് ക്രീസിൽ .

ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. 17 റണ്‍സെടുത്ത പൂജാരയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്കും അധികം നേരം പിടിച്ച് നിൽക്കുവാനായില്ല   .ബെൻ സ്റ്റോക്സ് കോലിയെ(0) വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിൽ ഇന്ത്യ അപകടം മണത്തു .ശേഷം  രോഹിത് ശര്‍മയും  അജിൻക്യ രഹാനെ  സഖ്യം ഇന്ത്യക്ക് കരുത്തായി .ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തിയെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിത് വളരെ  കരുതലോടെ ബാറ്റേന്തി . ലഞ്ചിന്‌ ശേഷം  ആന്‍ഡേഴ്സന്‍റെ പന്തില്‍ രഹാനെ(27) സ്ലിപ്പില്‍ സ്റ്റോക്സ് പിടിച്ച് പുറത്തായി . രോഹിത്തും പന്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍ അകലെ രോഹിത്(49) സ്റ്റോക്സിന്‍റെ രണ്ടാം ഇരയായി വിക്കറ്റിന് മുന്നില്‍ കുടുങ്ങി .
ശേഷം ഏഴാം നമ്പറിൽ ഇറങ്ങിയ അശ്വിനെ(12) ജാക് ലീച്ചിന്‍റെ പന്തില്‍ ഓലി പോപ്പ്  പിടിച്ചു.  ഇതോടെ 146/6 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും റിഷാബ്  പന്തിനൊപ്പം  എട്ടാമനായി വന്ന  സുന്ദർ കൂടി ബാറ്റിങ്ങിൽ ഒത്തുചേർന്നതോടെ ഇന്ത്യ മികവോടെ മുന്നേറി .82 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഗിയര്‍ മാറ്റി ആക്രമണത്തിലേക്ക് തിരിഞ്ഞ പന്ത് സ്പിൻ ബൗളേഴ്‌സിനെ അനായാസം അതിർത്തി  കടത്തി .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് റിഷാബ്  പന്ത് ടെസ്റ്റ് കരിയറിലെ മൂന്നാമത്തെയും ഇന്ത്യൻ മണ്ണിലെ ആദ്യത്തെയും ടെസ്റ്റ്  സെഞ്ചുറി കുറിച്ചത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആന്‍ഡേഴ്സണ്‍ പന്തിനെ മടക്കി ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും വീണ്ടും  പോരാട്ടം തുടര്‍ന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കി. അക്ഷർ പട്ടേല്‍ മികച്ച പിന്തുണ രണ്ടാം ദിനം നൽകിയതോടെ ഇന്ത്യ  മികച്ച ലീഡ് സ്വപ്നം കാണുവാൻ തുടങ്ങി .
ഇംഗ്ലണ്ട് ബൗളിംഗ് നിരയിൽ  ജെയിംസ്  ആന്‍ഡേഴ്സണ്‍ മൂന്നും സ്റ്റോക്സ് ലീച്ച് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി .



Scroll to Top