സർവാധിപത്യം. ഇംഗ്ലണ്ടിനെ മൂന്നാം മത്സരത്തിലും മുട്ടുകുത്തിച്ച് ഇന്ത്യ. കൂറ്റൻ വിജയം.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 142 റൺസിന്റെ വിജയമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് ലഭിച്ചത്.

ഇന്ത്യക്കായി ബോളിംഗിൽ അർഷദീപ്, ഹർഷിത് റാണ, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. ഈ വിജയത്തോടെ പരമ്പര തൂത്തുവാരാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും ക്രീസിലുറക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിലേക്ക് എത്താൻ സാധിക്കാതിരുന്ന കോഹ്ലി വളരെ കരുതലോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ഗിൽ ഒരു വശത്ത് ബൗണ്ടറികൾ സ്വന്തമാക്കിയപ്പോൾ മറുവശത്ത് കോഹ്ലി കരുതലോടെ നീങ്ങി. ഇരുവരും ചേർന്ന് 116 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. കോഹ്ലി 52 റൺസ് നേടിയ ശേഷമാണ് കൂടാരം കയറിയത്. ശേഷമെത്തിയ ശ്രേയസ് അയ്യരും അടിച്ചു തകർത്തതോടെ ഇന്ത്യൻ സ്കോർ ഉയരുകയായിരുന്നു. ഗില്‍ മത്സരത്തിൽ 102 പന്തുകളിൽ 112 റൺസാണ് സ്വന്തമാക്കിയത്. 14 ബൗണ്ടറികളും 3 സിക്സറുകളും ഗില്ലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

ശ്രെയസ് അയ്യർ 64 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 78 റൺസായിരുന്നു നേടിയത്. പിന്നാലെയെത്തിയ ബാറ്റർമാർ പെട്ടെന്ന് കൂടാരം കയറിയെങ്കിലും ഇന്ത്യ വലിയൊരു സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 29 പന്തുകളിൽ 40 റൺസ് നേടിയ കെഎൽ രാഹുൽ കൂടി മികച്ച സംഭാവന നൽകിയതോടെ ഇന്ത്യയുടെ സ്കോർ 356 റൺസിലെത്തി. ഇംഗ്ലണ്ട് നിരയിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ റഷീദാണ് ഭേദപ്പെട്ട ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വളരെ വേഗത്തിൽ തന്നെ റൺസ് സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി അർഷദീപ് ആണ് ഇന്ത്യയ്ക്ക് ആദ്യ പ്രതീക്ഷകൾ നൽകിയത്.

ശേഷം ഹർഷിത് റാണയും കുൽദീപ് യാദവും വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ ബാറ്റർമാർ എല്ലാവരും ഇന്ത്യൻ ബോളിങ്‌ നിരയുടെ മുൻപിൽ തീർത്തും പരാജയപ്പെടുകയുണ്ടായി. ഇങ്ങനെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 214 റൺസിൽ അവസാനിക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 3- 0 എന്ന നിലയിൽ തൂത്തുവാരാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ലഭിച്ച ഈ വമ്പൻ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.

Previous articleതകര്‍പ്പന്‍ റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ. തകർത്തത് ഹാഷിം അംലയെ.
Next article“ചാമ്പ്യൻ ടീമുകൾ ശ്രമിക്കുന്നത് കൂടുതൽ മെച്ചപ്പെടാനാണ്. ഞങ്ങളുടെ ലക്ഷ്യവും അത് തന്നെ “- രോഹിത് ശർമ.