ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ വലിയ അഴിച്ചുപണികൾ നടത്താൻ തയ്യാറായി ഇന്ത്യൻ ബാറ്റിംഗ് നിര. ബോക്സിംഗ് ഡേയിൽ നടക്കുന്ന മെൽബൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ബാറ്റിംഗ് പൊസിഷനിലടക്കം മാറ്റം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും മധ്യനിരയിലാണ് ഇന്ത്യക്കായി രോഹിത് ബാറ്റിംഗിന് ഇറങ്ങിയിരുന്നത്. ഈ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും തിളങ്ങാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മെൽബൺ ടെസ്റ്റിൽ മൂന്നാം നമ്പരിൽ രോഹിത് ബാറ്റിംഗിന് ഇറങ്ങും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇത്തരത്തിൽ രോഹിത് മൂന്നാം നമ്പരിൽ എത്തിയാൽ ശുഭമാൻ ഗില്ലിനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത നിലനിൽക്കുന്നു. പരിക്കു മൂലം ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിക്കാൻ ഗില്ലിന് സാധിച്ചിരുന്നില്ല. ശേഷം അഡ്ലൈഡിലും ബ്രിസ്ബൈനിലും കളിച്ചെങ്കിലും മികച്ച പ്രകടനങ്ങളല്ല ഗില്ലിൽ നിന്ന് ഉണ്ടായത്. രണ്ടാം ടെസ്റ്റ് മത്സരത്തിൽ 31, 28 എന്നിങ്ങനെയാണ് ഗിൽ സ്കോർ ചെയ്തത്. മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഒരു റൺ മാത്രമായിരുന്നു ഗിൽ നേടിയത്. ഗില്‍ ടീമിൽ ഇടംപിടിച്ചില്ലെങ്കിൽ ആറാം നമ്പറിൽ സർഫറാസ് ഖാനോ ധ്രുവ് ജൂറലോ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെൽബൺ ടെസ്റ്റ് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണർമാരായി രാഹുലും ജയസ്വാളും തന്നെയാവും ഓപ്പണിങ് എത്തുക. മൂന്നാം നമ്പരിൽ രോഹിത് ശർമയും നാലാം നമ്പരിൽ വിരാട് കോഹ്ലിയും ക്രീസിലെത്താനാണ് സാധ്യത. അഞ്ചാം നമ്പറിലായിരിക്കും പന്ത് മൈതാനത്ത് എത്തുന്നത്. ശേഷം ആറാം നമ്പരിൽ സർഫറാസ് ഖാനോ ജൂറലോ ഇന്ത്യക്കായി മൈതാനത്ത് അണിനിരക്കും. മാത്രമല്ല മെൽബൺ ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ കളിപ്പിക്കാനും സാധ്യതയുണ്ട്. മൂന്നാം ടെസ്റ്റ് മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചെങ്കിലും ബോളിങ്ങിൽ മികച്ച പ്രകടനമായിരുന്നില്ല ജഡേജ കാഴ്ചവച്ചത്. ഈ സാഹചര്യത്തിലാണ് സുന്ദറിന് അവസരം ലഭിക്കുക.
ഏഴാം നമ്പരിൽ ഇന്ത്യയ്ക്കായി നിതീഷ് കുമാർ തന്നെ ബാറ്റിംഗിനെത്തുമെന്ന് കരുതുന്നു. അങ്ങനെയെങ്കിൽ എട്ടാം നമ്പറിൽ ആവും വാഷിംഗ്ടൺ സുന്ദർ എത്തുക. ശേഷം പേസർമാരായി ജസ്‌പ്രീറ്റ് ബൂമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ തന്നെ തുടരാനാണ് സാധ്യത. ഇത്തരത്തിൽ ചില മാറ്റങ്ങളോടെയാവും ഇന്ത്യ നിർണ്ണായകമായ മെൽബൺ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടംപിടിക്കാൻ മെൽബണിൽ ഒരു അത്യുഗ്രൻ വിജയം തന്നെ ഇന്ത്യയ്ക്ക് ആവശ്യമാണ്