രണ്ടാം ടെസ്റ്റിലും കാണികൾക്ക് പ്രവേശനം :ബിസിസിഐ നിന്ന് അനുകൂല നിലപാട്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം  ക്രിക്കറ്റ് ടെസ്റ്റിന് സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിപ്പിക്കും. അൻപത് ശതമാനം കാണികളെയും മാധ്യമപ്രവർത്തകരേയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ ആവശ്യപ്പെട്ടു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന മാധ്യമ റിപോർട്ടുകൾ .

കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി  പാലിച്ചായിരിക്കും കാണികളെ സ്റ്റേഡിയത്തിലേക്ക്   പ്രവേശിപ്പിക്കുക. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രമേ  മത്സരം നടത്താവൂ എന്നാണ്  ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നിർദേശം. ഫെബ്രുവരി 13നാണ് രണ്ടാം ടെസ്റ്റ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേ‍ഡിയത്തിൽ തുടങ്ങുക. അൻപതിനായിരം കാണികൾക്ക് വരെ   കളി  കാണുവാൻ   സൗകര്യമുള്ള സ്റ്റേഡിയമാണിത്.  അന്തിമ തീരുമാനം വരും ദിവസങ്ങളിൽ അറിയുവാൻ കഴിയും .

നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഞ്ചിന് ചെന്നൈയില്‍ തുടക്കമാവും. ചെന്നൈയില്‍ തന്നെയാണ് രണ്ടാം ടെസ്റ്റും. ഡേ നൈറ്റ് ടെസ്റ്റ് അടക്കമുള്ള രണ്ട് ടെസ്റ്റുകള്‍ക്ക് അഹമ്മദാബാദിലെ മൊട്ടേറെ ക്രിക്കറ്റ്  സ്റ്റേഡിയം  ആണ് വേദിയാവുക.

അതേസമയം  ഇപ്പോൾ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് തലപ്പത്ത്. ഇംഗ്ലണ്ട് നിലവില്‍ നാലാമത് മാത്രമാണ് നില്‍ക്കുന്നത്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് ടീം നാട്ടിൽ  പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യ 4-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1ന് തോല്‍പിച്ച ആവേശത്തിലാണ് ഇന്ത്യയും ശ്രീലങ്കയെ ലങ്കയില്‍ 2-0ന് വൈറ്റ് വാഷ് ചെയ്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടും  ടെസ്റ്റ് പരമ്പരക്ക് വേണ്ടി  തയ്യാറെടുക്കുന്നത്. 

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ജോണി ബെയ്ർസ്റ്റോ. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.