അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ അണ്ടര്‍ – 19 ഏഷ്യാ കപ്പ് സെമിഫൈനലില്‍

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നാലു വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 48.2 ഓവറില്‍ മറികടന്നു.

197 ന് 6 എന്ന നിലയില്‍ നിന്നുമാണ് ഇന്ത്യ വിജയം നേടിയത്. 74 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്ത ഓപ്പണര്‍ ഹര്‍നൂണ്‍ സിങ്ങും 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രാജ് ബാവയുമാണ് ഇന്ത്യയ്ക്ക്  വിജയം സമ്മാനിച്ചത്. അംഗ്ക്രിഷ് രഘുവംശി (35), കൗശല്‍ താംബെ (35*), നായകന്‍ യാഷ് ധുല്‍(26) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 86 റണ്‍സ് നേടിയ ഇജാസ് അഹമ്മദും 73 റണ്‍സ് നേടിയ സുലൈമാനുമാണ് അഫ്ഗാനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

FB IMG 1640619460569

ഗ്രൂപ്പില്‍ നിന്നും രണ്ടാമതായാണ് സെമിഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയത്. പാക്കിസ്ഥാന്‍ നേരത്തെ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് B യിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരിക്കും ഇന്ത്യയുടെ സെമിഫൈനല്‍ മത്സരം.