കോഹ്ലിക്ക് വേണ്ടി നമ്മള്‍ ലോകകപ്പ് നേടണം : റെയ്ന

ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ലോകകപ്പിന് തുടക്കം കുറിക്കാനാണ്. എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും ഇത്തവണത്തെ ടി :20 ലോകകപ്പ് നേടുമെന്ന് അഭിപ്രായപെടുന്ന ടീമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ കാലമായി ടി :20യിൽ സ്ഥിരതയാർന്ന മികച്ച പ്രകടങ്ങൾ മാത്രം പുറത്തെടുക്കുന്ന വിരാട് കോഹ്ലിയും ടീമും ഇത്തവണത്തെ കിരീട പോരാട്ടത്തിൽ മുൻപിൽ തന്നെയാണ്. ലോകകപ്പ് മത്സരങ്ങൾ എല്ലാം ആരംഭിക്കാൻ ചില ദിവസങ്ങൾ മാത്രം ശേഷിക്കേ എല്ലാ ആരാധകരും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്ലേയിംഗ്‌ ഇലവനെ കുറിച്ചുള്ള വിശദ ചർച്ചകൾ കൂടി സജീവമാക്കുകയാണ്. എന്നാൽ ഇത്തവണത്തെ ലോകകപ്പിന് ശേഷം ടി :20 ഫോർമാറ്റിലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് പറഞ്ഞിട്ടുള്ള കോഹ്ലി ഇത്തവണ കിരീടം നേടി അഭിമാനപൂർവ്വം ക്യാപ്റ്റൻസിയും കൈമാറുവാൻ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് ആദ്യത്തെ സന്നാഹ മത്സരത്തിൽ ടീം ഇന്ത്യയുടെ എതിരാളികൾ ശക്തരായ ഇംഗ്ലണ്ടാണ്.

എന്നാൽ ഇത്തവണ കിരീടം നേടാനുള്ള യാത്രയിൽ ഇന്ത്യൻ ടീമിന് വളരെ ഏറെ നിർണായകമായ ഒരു നിർദ്ദേശം കൂടി നൽകുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.ഇത്തവണത്തെ കിരീട പോരാട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ താരങ്ങൾക്ക് ഊർജം നൽകുന്നതാണ് സുരേഷ് റെയ്നയുടെ വാക്കുകൾ എല്ലാം.2021ലെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് നമ്മൾ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിക്ക് വേണ്ടി നേടണമെന്നാണ് റെയ്നയുടെ അഭിപ്രായം. ഇത്തവണ ഐപിഎല്ലിൽ കിരീടം കരസ്ഥമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് താരമാണ് റെയ്ന. നേരത്തെ 2020ലാണ് ധോണിക്ക് ഒപ്പം റെയനയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

“ഇത്തവണ അവനായി ടി:20 ലോകകപ്പ് സ്വന്തമാക്കണം.ടി:20 ക്യാപ്റ്റനായി ഇത് അവന്റെ അവസാന നാളുകളാണ്. ആ കാരണത്താൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് എന്റെ സന്ദേശം ലളിതമാണ്. ലോകകപ്പ് നായകൻ കോഹ്ലിക്കായി നമ്മൾ നേടണം. കൂടാതെ എന്റെ നിരീക്ഷണത്തിൽ ഈ ഐപിൽ എറ്റവും അധികം സഹായിച്ചത് ഇന്ത്യൻ താരങ്ങളെ തന്നെയാണ്. ഈ സീസൺ താരങ്ങൾക്ക് സാഹചര്യം എല്ലാം മനസ്സിലാക്കാനുള്ള അവസരം ആണ് “റെയ്ന അഭിപ്രായപ്പെട്ടു.