വീണ്ടും ഇന്ത്യ : പാകിസ്ഥാൻ പരമ്പര നടക്കുമോ -ഈ വർഷമവസാനം പരമ്പരക്കുള്ള സാധ്യതകൾ തെളിയുന്നു

ക്രിക്കറ്റ് ലോകം ഏറെ ആകാംഷകളോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ : പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനായി .ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം പൊളിഞ്ഞതിന്റെ ഭാഗമായി നിർത്തിവെക്കപെട്ട   പരമ്പരകൾ പൂർണ്ണമായി പുനഃസ്ഥാപിക്കണം എന്ന ആവശ്യം ഇപ്പോൾ  ശക്തമാകുകയാണ് .
ഈ വര്‍ഷാവസാനം ഇന്ത്യയും പാക്കിസ്ഥാനും ടി:20  പരമ്പരയില്‍ കളിച്ചേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നത് .പാക് ദിന പത്രമായ ജംഗ് ആണ് ഇന്ത്യ-പാക് ടി20 പരമ്പര ഈ  വര്‍ഷാവസാനം നടന്നേക്കുമെന്ന തരത്തിൽ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് ബിസിസിഐയുടെയോ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെയോ ഔദ്യോഗികമായ  യാതൊരു  സ്ഥിരീകരണവുമില്ല .

ആറ് ദിവസം മാത്രം നീളുന്ന പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളാകും ഇരു ടീമുകളും തമ്മിൽ കളിക്കുകയെന്നാണ്  മാധ്യമ  റിപ്പോര്‍ട്ടില്‍ പറയുന്നത് .നേരത്തെ  2012-2013നുശേഷം ഇന്ത്യ-പാക് പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും  ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത് .ഈ വർഷം ജൂണിൽ പാകിസ്ഥാനിൽ നടക്കുവാൻ പോകുന്ന ഏഷ്യ കപ്പ് സംബന്ധിച്ചും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല .
ഇത്തവണ ഏഷ്യ കപ്പ് നടക്കുവാൻ സാധ്യതകൾ കുറവാണ് എന്നാണ് പാക് ക്രിക്കറ്റ് ബോർഡ്‌ അധ്യക്ഷൻ ദിവസങ്ങൾ മുൻപ് പറഞ്ഞത് .

എന്നാല്‍ ഇന്ത്യാ-പാക്  ക്രിക്കറ്റ് പരമ്പര വൈകാതെ  നടക്കുമെന്ന വാർത്തകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ നിഷേധിച്ചു .പക്ഷേ   ക്രിക്കറ്റ് പരമ്പര നടക്കുകയാണെങ്കില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം  പാക്കിസ്ഥാന്‍ മണ്ണിലേക്ക് പരമ്പരക്കായി  എത്തണമെന്ന കർക്കശ നിലപാടിലാണ് പാക് ക്രിക്കറ്റ്  ബോർഡ്‌ . അവസാനമായി നടന്ന പരമ്പരയിൽ പാക് ടീം ഇന്ത്യയിൽ എത്തിയിരുന്നു.അതിനാൽ ഇനി ഇന്ത്യൻ ടീമിന്റെ സന്ദർശനമാണ് അത്യാവശ്യം എന്നാണ് പാക് ബോർഡ്‌ പറയുന്നത് .അതേസമയം ദുബായിൽ അടക്കം പരമ്പര നടത്തണമെന്നാണ് ബിസിസിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം .