അവനെ ഒരു ദയയുമില്ലാതെ ഇന്ത്യ ചതിച്ചു. കൂടെ നിർത്തിയിട്ട് പിന്നിൽ നിന്ന് കുത്തി. മുൻ ഇന്ത്യൻ താരം പറയുന്നു.

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് സെലക്ഷനെതിരെ വമ്പൻ വിമർശനവുമായി മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീകാന്ത്. ടീമിൽ തിരഞ്ഞെടുത്തിരിക്കുന്ന പല കളിക്കാരും സ്ഥാനം അർഹിക്കാത്തവരാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ശ്രീകാന്ത് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ ലെഗ് സ്പിന്നർ ചഹലിനെ ഒഴിവാക്കിക്കൊണ്ട് ഫാസ്റ്റ് ബോളർ പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ വരുത്തിയ വലിയ തെറ്റാണിത് എന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.

“പ്രസീദ് കൃഷ്ണയെ പോലൊരു ബോളറെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ഇന്ത്യ വരുത്തിയ ഒരു തെറ്റാണ്. പുതിയ തലമുറയ്ക്ക് ഒരു മോശം സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിലൂടെ നൽകിയിരിക്കുന്നത്. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്ത പ്രസീദ് കൃഷ്ണയെ ഒരു കാരണവശാലും ഇന്ത്യ തങ്ങളുടെ ടീമിൽ പരിഗണിക്കാൻ പാടില്ലായിരുന്നു. അയർലൻഡ് പോലെയുള്ള ഒരു ടീമുമായുള്ള രണ്ട് ട്വന്റി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ മാത്രമാണ് അടിസ്ഥാനത്തിൽ പ്രസീദിനെ ഇത്ര വലിയ ടൂർണമെന്റിലേക്ക് തിരഞ്ഞെടുത്തത് അസംബന്ധമാണ്.”- ശ്രീകാന്ത് പറയുന്നു.

“ഇന്ത്യയുടെ ടീം സെലക്ഷന്റെ പോളിസി തന്നെ വലിയ മണ്ടത്തരമാണ്. അയർലണ്ടിനെതിരെയും വെസ്റ്റിൻഡീസിനെതിരെയും നടന്ന മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഏഷ്യാകപ്പിലേക്കും ലോകകപ്പിലേക്കും കളിക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ഇന്ത്യ വില കൊടുക്കേണ്ടിവരും. മാത്രമല്ല എന്തുകൊണ്ടാണ് ഇന്ത്യ യുസ്വെന്ദ്ര ചഹലിനെ ഒഴിവാക്കിയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

ചാഹൽ ചെയ്ത തെറ്റ് എന്താണ്? ചാഹലിനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെങ്കിൽ മറ്റൊരു സ്പിന്നറെ ഇന്ത്യ കൊണ്ടുവരണം. ദ്രാവിഡിന്റെ പ്രിയപ്പെട്ടവനായ രവി ബിഷണോയി ഉണ്ടല്ലോ. അവനെ ടീമിൽ ഉൾപ്പെടുത്തിക്കൂടെ? എല്ലാ പന്തുകളും അകത്തേക്ക് എറിയാൻ മാത്രമേ അവന് അറിയൂ.”- ശ്രീകാന്ത് ദേഷ്യത്തോടെ
പറഞ്ഞു.

“ഇത്രയും നാളും ടീമിനൊപ്പം കൊണ്ടു നടന്നിട്ട് ചാഹലിനെ ഇന്ത്യ പുറത്താക്കിയത് ശരിക്കും ഒരു വലിയ ചതി തന്നെയാണ്. ഇന്ത്യയ്ക്ക് ആവശ്യമില്ലായിരുന്നുവെങ്കിൽ ഇത്രനാൾ ടീമിന്റെ ഭാഗമായി അവനെ നിർത്തേണ്ടതില്ലായിരുന്നു. അവന്റെ കഴിവ് ടീം മാനേജ്മെന്റിന് തീരെ വിശ്വാസമില്ലെങ്കിൽ മുമ്പ് തന്നെ അവനെ പുറത്താക്കാൻ തയ്യാറാവണമായിരുന്നു.

ചാഹലിന്റെ കാര്യത്തിൽ എനിക്ക് വലിയ നിരാശയും സങ്കടവുമുണ്ട്. നമ്മുടെ സ്വന്തം മണ്ണിലാണ് നമ്മൾ ലോകകപ്പ് കളിക്കാൻ പോകുന്നത്. ഇക്കാര്യം ഒരിക്കലും മറക്കാൻ പാടില്ല. കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തി എന്നതുകൊണ്ട് ചാഹലിനെ ഇങ്ങനെ തഴയുന്നത് ശരിയല്ല. രണ്ട് ലെഗ് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിക്കൂട എന്ന് നിയമം ഒന്നുമില്ല. മൂന്ന് റിസ്റ്റ് സ്പിന്നർമാരെ സ്ക്വാഡിൽ ഉൾപ്പെടുത്തരുത് എന്നും നിയമമില്ല.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു