“90കളിലെ ഞങ്ങളുടെ ടീമിനോട് കളിച്ചാൽ ഇന്നത്തെ ഇന്ത്യൻ നിര തോറ്റു പോകും. ആ കരുത്ത് ഇന്ത്യയ്ക്കില്ല”- അർജുന രണതുംഗ.

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഇന്ത്യൻ ടീമിന്റെ കരുത്തിനെ ചോദ്യം ചെയ്ത ശ്രീലങ്കയുടെ മുൻ ശ്രീലങ്കൻ ഇതിഹാസ താരമായ അർജുന രണതുംഗ. 1990കളിലെ ഇന്ത്യൻ ടീമിന്റെ ശക്തി നിലവിലെ ടീമിനില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രണതുംഗ. മാത്രമല്ല അന്നത്തെ തങ്ങളുടെ ടീമുമായി ഇപ്പോഴത്തെ ഇന്ത്യൻ ടീം മത്സരിച്ചാൽ തങ്ങൾക്ക് അനായാസം ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും രണതുംഗ തുറന്നു പറഞ്ഞു. ഒരു പ്രമുഖ സ്പോർട്സ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് രണതുംഗ ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞത്.

“1990കളിൽ ഞാൻ ശ്രീലങ്കൻ ടീമിന്റെ നായകനായിരുന്നു സമയത്ത് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നത് സുനിൽ ഗവാസ്കർ, ദിലീപ് വെങ്സാക്കർ, മൊഹിന്ദർ അമർനാഥ് എന്നിങ്ങനെയുള്ള വമ്പൻ താരങ്ങൾ ആയിരുന്നു. ഒരു ടെസ്റ്റ് മത്സരത്തിൽ പോലും 2 ഇന്നിങ്സിലും അവരെ പുറത്താക്കാൻ അന്ന് ശ്രീലങ്കൻ ടീമിന് സാധിച്ചിരുന്നില്ല. ഇവർക്ക് പിന്നാലെ മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, വിനോദ് കാംബ്ലി, രാഹുൽ ദ്രാവിഡ് തുടങ്ങിയ വെടിക്കെട്ട് താരങ്ങളും ഇന്ത്യൻ ടീമിൽ എത്തുകയുണ്ടായി. അവരൊക്കെ ക്രിക്കറ്റിലെ വലിയ താരങ്ങൾ തന്നെയായിരുന്നു.”- രണതുംഗ പറഞ്ഞു.

“എനിക്കിപ്പോൾ ഒരു ചോദ്യമാണ് ചോദിക്കാനുള്ളത്. എന്നെ യാതൊരു കാരണവശാലും തെറ്റിദ്ധരിക്കരുത്. 1990കളിലെ ആ ക്ലാസ് ഇപ്പോൾ ഇന്ത്യൻ താരങ്ങൾക്കുണ്ടോ എന്ന് പരിശോധിക്കു. അങ്ങനെ എനിക്ക് തോന്നുന്നില്ല. ഞാൻ തുറന്നു പറയുകയാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം 1990കളിലെ എന്റെ ശ്രീലങ്കൻ ടീമിനോട് മത്സരിച്ചാൽ ഉറപ്പായും മത്സരത്തിൽ ജയിക്കുന്നത് ഞങ്ങൾ ആയിരിക്കും. ചാമിന്താ വാസും മുത്തയ്യ മുരളീധരനും അടങ്ങുന്ന ഞങ്ങളുടെ ബോളിങ് നിര 3 ദിവസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തും”- രണതുംഗ കൂട്ടിച്ചേർത്തു.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾക്ക് മികവ് പുലർത്താൻ സാധിക്കാതെ വരുന്നതിന്റെ പ്രധാന കാരണം ഫ്രാഞ്ചൈസി ക്രിക്കറ്റാണ് എന്നും രണതുംഗ അഭിമുഖത്തിൽ പറയുകയുണ്ടായി. നിലവിൽ ശ്രീലങ്കൻ ടീമിലെ താരങ്ങളും ഈ പ്രശ്നം നേരിടുന്നുണ്ടെന്നും എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ അവർക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട് എന്നും രണതുംഗ കൂട്ടിച്ചേർത്തു.

“ഇപ്പോൾ സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കാതെ മറ്റു ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനുള്ള അനുമതി താരങ്ങൾക്ക് ലഭിക്കുന്നുണ്ട്. അടുത്ത വർഷങ്ങളിൽ താരങ്ങൾക്ക് തങ്ങളുടെ രാജ്യത്തിനായി കളിക്കാനുള്ള താല്പര്യം പൂർണമായും നഷ്ടപ്പെടും. അടുത്ത 5 വർഷങ്ങളിൽ താരങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മാത്രമായി ചുരുക്കപ്പെടും.”- രണതുംഗ വ്യക്തമാക്കുന്നു.