ഓരോ താരവും പ്രകടനത്തിന് കയ്യടി അർഹിക്കുന്നു : മത്സര ശേഷം വികാരാധീനനായി നായകൻ രഹാനെ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വികാരാധീനനായി ഇന്ത്യൻ നായകൻ  അജിന്‍ക്യ രഹാനെ.  നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ ഓരോ താരവും പരമ്പരയിൽ  കാണിച്ച അര്‍പ്പണബോധത്തിന്റെ  വിജയമാണിതെന്ന് രഹാനെ  തുറന്ന് പറഞ്ഞു.

നായകൻ രഹാനെയുടെ വാക്കുകൾ ഇപ്രകാരമാണ്  ”എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന്  ഇപ്പോഴും അറിയില്ല. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം എല്ലാവരും കൂടുതല്‍ അര്‍പ്പണ ബോധത്തോടെ കളിച്ചു. ഓരോ താരത്തെ കുറിച്ചോര്‍ത്തും അഭിമാനം തോന്നുന്നു.  മത്സരങ്ങൾക്കായി കൃത്യമായ പദ്ധതിയുണ്ടായിരുന്നു. പൂജാരയോട് അദ്ദേഹത്തിന്റെ ഗെയിം കളിക്കാനാണ്  ഞങ്ങൾ പറഞ്ഞത്. ആക്രമിച്ച് കളിക്കാനായിരുന്നു എന്റെ തീരുമാനം. എല്ലാ കയ്യടിയും പൂജാര അര്‍ഹിക്കുന്നു. മനോഹരമായി അദ്ദേഹം സമ്മര്‍ദ്ദത്തെ പരമ്പരയിലുടനീളം  അതിജീവിച്ചു. 

അവസാന ഓവറുകളിൽ  ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ടീമിന്റെ  പ്രതീക്ഷ കാത്തു. ഓസ്‌ട്രേലിയയുടെ 20  വിക്കറ്റുകളും വീഴ്ത്താനായതും വഴിത്തിരിവായി. അതുകൊണ്ടാണ് അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയത്. ജഡേജയുടെ ഒഴിവ് സുന്ദര്‍  നല്ല പോലെ നികത്തി. ബൗളര്‍മാര്‍ക്ക് പരിചയ സമ്പത്തില്ലായിരുന്നു.  അത് ഒരു സത്യമാണ് .എന്നാല്‍ അവര്‍ 100 ശതമാനവും നല്‍കി. അഡ്‌ലെയ്ഡിലെ തോല്‍വിയെ കുറിച്ച് ഞങ്ങളൊന്നും പിന്നീട് സംസാരിച്ചിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം എന്ന് മാത്രമായിരുന്നു മനസില്‍.” രഹാനെ മത്സര ശേഷം  പറഞ്ഞുനിര്‍ത്തി.

ബ്രിസ്‌ബേനില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയക്ക് മുകളിൽ  ടീം ഇന്ത്യയുടെ ജയം. 1988ന് ശേഷം ആദ്യമായിട്ടാണ് ഗാബയില്‍ ഓസീസ് ഒരു ടെസ്റ്റ് മത്സരം  തോല്‍ക്കുന്നത്. പരമ്പര 2-1 ആണ് ഇന്ത്യ സ്വന്തമാക്കിയത്. ഋഷഭ് പന്ത് ( 89*), ശുഭ്മാന്‍ ഗില്‍ (91), ചേതേശ്വര്‍ പൂജാര (56) എന്നിരാണ് അഞ്ചാം  ഇന്ത്യന്‍ വിജയത്തിനായി ചുക്കാൻ പിടിച്ചത് .