ഇന്ത്യയുടെ ഡിക്ലറേഷന്‍ വൈകി. വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍

കാണ്‍പൂരില്‍ നടന്ന ഇന്ത്യ – ന്യൂസിലന്‍റ് മത്സരത്തില്‍ ആവേശകരമായ സമനില. അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ ന്യൂസിലന്‍റിന്‍റെ അവസാന വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിച്ചില്ലാ. ഇപ്പോഴിതാ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലറേഷന്‍ നേരത്തെയാക്കാമായിരുന്നു എന്ന് പറയുകയാണ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

അവസാന നിമിഷങ്ങളില്‍ ആക്ഷര്‍ പട്ടേലില്‍ നിന്നോ സാഹയില്‍ നിന്നോ റണ്ണെടുക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്ന് ലക്ഷ്മണ്‍ കുറ്റപ്പെടുത്തി. അഞ്ചോവറെങ്കിലും നേരത്തെയാക്കാമായിരുന്നു എന്നായിരുന്നു വിവിഎസ് പറഞ്ഞത്. 7 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സിലാണ് ഇന്ത്യ ഡിക്ലെയര്‍ ചെയ്തത്. നാലാം ദിനം അവസാനം പന്തെറിഞ്ഞ ഇന്ത്യ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

Ajinkya Rahane

”ഇന്നലെ ഒരു അഞ്ചോവര്‍ ഇന്ത്യക്ക് അധികമായി പന്തെറിയാമായിരുന്നു. അതൊരുപക്ഷെ മത്സരഫലത്തില്‍ തന്നെ വലിയ വ്യത്യാസം ഉണ്ടാക്കിയേനെ. കാരണം ദിവസത്തിന്‍റെ അവസാനം ക്രീസലെത്തുന്ന ഏത് ബാറ്ററും പിടിച്ചു നില്‍ക്കാന്‍ പാടുപെടും. അത് നിലയുറപ്പിച്ച ബാറ്ററായാലും പുതിയ ആളായാലും. ” മുന്‍ താരം പറഞ്ഞു.

അതേ സമയം ഡിക്ലറേഷന്‍ ചെയ്തതിനെ ക്യാപ്റ്റനായ അജിങ്ക്യ രഹാനെ ന്യായീകരിച്ചു. നാലം ദിനം ഡിക്ലെയര്‍ ചെയ്യുന്നതിനു മുന്‍പ് ആവശ്യമായാ റണ്‍സ് ഉറപ്പാക്കണമായിരുന്നു എന്നും രഹാനെ പറഞ്ഞു. ഇന്നലെ നാലോവറെങ്കിലും പന്തെറിയണമെന്നും ഇന്ന് 90-95 ഓവറുകള്‍ പന്തെറിയണമെന്നുമായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍ എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തി. അതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകും എന്ന് താന്‍ കരുതുന്നില്ലാ എന്നും രഹാനെ കൂട്ടിചേര്‍ത്തു.