ഓസ്ട്രേലിയൻ മണ്ണിൽ നിലവിൽ തനിക്ക് റൺസ് സ്വന്തമാക്കാൻ കഴിയുന്നില്ല എന്ന് തുറന്ന് സമ്മതിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇക്കാര്യം തനിക്ക് അംഗീകരിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്. ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന വേളയിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും പരമാവധി സമയം ക്രീസിൽ തുടരാനാണ് താൻ ശ്രമിക്കുന്നത് എന്ന് രോഹിത് പറയുന്നു. കൃത്യമായ തന്ത്രങ്ങൾ വരും മത്സരങ്ങളിൽ ബാറ്റിംഗിന് ഉപയോഗിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ട് എന്നും രോഹിത് ശർമ സൂചിപ്പിക്കുകയുണ്ടായി.
“മികച്ച രീതിയിലല്ല ഞാനിവിടെ ബാറ്റ് ചെയ്തത് എന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. അക്കാര്യം അംഗീകരിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. എന്താണ് എന്റെ മനസ്സിലുള്ളത് എന്നും, അതിനായി എപ്രകാരം തയ്യാറെടുക്കണമെന്നും എനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഇപ്പോൾ ഞാൻ ശ്രമിക്കുന്നത് പരമാവധി സമയം ചിലവഴിക്കാൻ മാത്രമാണ്. എത്രസമയം ക്രീസിൽ തുടരാൻ സാധിക്കുമോ അത്ര സമയവും തുടരാൻ തന്നെയാണ് എന്റെ ശ്രമം.”- രോഹിത് ശർമ പറയുകയുണ്ടായി.
“എന്റെ മനസ്സിനൊപ്പം ശരീരം ചലിക്കുന്ന സമയത്തോളം എന്റെ കാര്യങ്ങൾ കൃത്യമായി ആവിഷ്കരിക്കാനും പ്ലാൻ ചെയ്യാനും എനിക്ക് സാധിക്കും. കണക്കുകൾ പ്രകാരം കഴിഞ്ഞ കുറച്ച് നാളുകളായി എനിക്ക് വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ എന്നെപ്പോലെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയം എന്തു തോന്നുന്നു എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഞാനിപ്പോഴും മികച്ച താരമാണ് എന്ന ബോധ്യം എനിക്കുണ്ട്. കഴിഞ്ഞ സമയങ്ങളിൽ എനിക്ക് റൺസ് നേടാൻ സാധിച്ചിട്ടില്ല എന്നത് വസ്തുത തന്നെയാണ്. പക്ഷേ ഇപ്പോൾ എന്റെ ഉള്ളിലുള്ളത് മറ്റൊരു വികാരമാണ്.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.
“നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ വളരെ മോശം പ്രകടനങ്ങളാണ് രോഹിത് ശർമ കാഴ്ച വെക്കുന്നത്. ഓരോ മത്സരത്തിലും രോഹിത് റൺസ് കണ്ടെത്താൻ അങ്ങേയറ്റം ബുദ്ധിമുട്ടുന്നത് വ്യക്തമാണ്. വിദേശ പിച്ചുകളിൽ മാത്രമല്ല ഇന്ത്യൻ പീച്ചുകളിലും രോഹിത് ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവസാനം കളിച്ച 13 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് കേവലം 152 റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് നേടാൻ സാധിച്ചത് 11.83 എന്ന ശരാശരിയിലാണ് രോഹിത് കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചത്. രോഹിത്തിന്റെ ഈ മോശം ബാറ്റിംഗ് പ്രകടനം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്നത് ഉറപ്പാണ്.