ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര മലയാളി താരം സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ കഠിനമായിരുന്നു. പരമ്പരയിലെ 5 മത്സരങ്ങളിലും ഒരേ രീതിയിലുള്ള ഷോട്ടുകൾ കളിച്ചാണ് സഞ്ജു സാംസൺ പുറത്തായത്. സഞ്ജുവിന്റെ ബലഹീനത കൃത്യമായി മുതലാക്കിയ ഇംഗ്ലണ്ടിന്റെ പേസർമാർ അവനെതിരെ വലിയ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സഞ്ജുവിന്റെ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനങ്ങളെ ചോദ്യം ചെയ്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ശ്രീകാന്ത്. മൈതാനത്തെ സഞ്ജുവിന്റെ ഈഗോ കാരണമാണ് ഷോർട്ട് ബോളിൽ അവൻ പുറത്തായത് എന്ന് ശ്രീകാന്ത് പറയുകയുണ്ടായി.
ഇത്തരത്തിൽ മുന്നോട്ടു പോകാനാണ് സഞ്ജു സാംസൺ ശ്രമിക്കുന്നതെങ്കിൽ അധികം വൈകാതെ അവൻ ഇന്ത്യൻ ടീമിൽ നിന്നും പുറത്താവും എന്ന സൂചനയും ശ്രീകാന്ത് നൽകുന്നു. ഇന്ത്യയുടെ മറ്റൊരു യുവതാരമായ ജയസ്വാൾ സഞ്ജുവിന്റെ ട്വന്റി20 ടീമിലെ സ്ഥാനം കയ്യടക്കാൻ സാധ്യതയുണ്ട് എന്ന നിരീക്ഷണവും ശ്രീകാന്ത് നടത്തുകയുണ്ടായി. “നിങ്ങൾ എത്ര തവണ ഷോർട്ട് ബോൾ എറിഞ്ഞാലും ഞാൻ അത് സിക്സർ അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഒരേപോലെ പുറത്താക്കിയത്. ക്രിക്കറ്റ് അറിയാത്ത ആളുകൾ പോലും സഞ്ജു പുറത്താവുന്ന രീതി കണ്ടാൽ ഇവൻ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു പോകുമായിരുന്നു.”- ശ്രീകാന്ത് പറയുന്നു.
“എന്തുകൊണ്ടാണ് സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി പോലെയുള്ള വലിയ ടൂർണമെന്റുകളിൽ കളിപ്പിക്കാത്തത് എന്ന കാര്യത്തിൽ നമ്മൾ ഇവിടെ തർക്കിക്കുകയാണ്. പക്ഷേ ഒരേപോലെയുള്ള ഷോട്ടുകൾ കളിച്ച് അവൻ ഈ പരമ്പരയിൽ പുറത്തായതാണ് എനിക്ക് നിരാശ ഉണ്ടാക്കുന്നത്. ഇങ്ങനെയാണ് ഇനിയും സഞ്ജു കളിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, നന്ദി വീണ്ടും കാണാം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു. അതേസമയം സൂര്യകുമാർ യാദവിന്റെ മത്സരങ്ങളിലെ പ്രകടനത്തെ പറ്റിയും ശ്രീകാന്ത് പറയുകയുണ്ടായി.
“സഞ്ജുവിനെ പോലെ തന്നെ സൂര്യകുമാർ യാദവും മത്സരങ്ങളിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ മത്സരങ്ങളിലും ഫ്ലിക്ക് ഷോട്ട് കളിക്കാൻ ശ്രമിച്ചായിരുന്നു സൂര്യകുമാർ പുറത്തായത്. ഇവർ രണ്ടുപേരും തങ്ങളുടെ പിഴവുകൾ അംഗീകരിച്ച് അത് തിരുത്താൻ തയ്യാറാവണം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്രവേഗത്തിൽ ആരും പന്തെറിയാൻ ഇല്ലാത്തതിനാൽ തന്നെ സൂര്യകുമാർ യാദവിന് തന്റെ ഫ്ലിക്ക് ഷോട്ട് കളിക്കാൻ സാധിക്കും. പക്ഷേ ഇംഗ്ലണ്ടിന്റെ പേസർമാർ 150 കിലോമീറ്റർ വേഗത്തിൽ പന്ത് എറിയുന്നവരാണ് എന്നോർക്കണം. ഇന്ത്യ പരമ്പര വിജയിച്ചതുകൊണ്ട് മാത്രമാണ് സൂര്യകുമാർ യാദവിന്റെ ഈ മോശം പ്രകടനം വലിയ ചർച്ചയാവാത്തത്. പരമ്പര പരാജയപ്പെട്ടിരുന്നുവെങ്കിൽ ഇത്തരത്തിൽ ആയിരുന്നില്ല ചർച്ചകൾ ഉയരുന്നത്. എന്തായാലും സഞ്ജുവും സൂര്യയും തങ്ങളുടെ പിഴവുകൾ തിരുത്താൻ തയ്യാറാവും എന്നാണ് ഞാൻ കരുതുന്നത്.”- ശ്രീകാന്ത് പറഞ്ഞു വെച്ചിരിക്കുന്നു.



