2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകളിൽ പ്രധാന പങ്കുവഹിക്കാൻ പോകുന്നത് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ഫോമാണ് എന്ന് തുറന്നുപറഞ്ഞ് ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ. രോഹിത്തും കോഹ്ലിയും ഫോമിലേക്ക് പൂർണമായി ഉയർന്നാൽ മാത്രമേ ഇന്ത്യയ്ക്ക് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കു എന്നാണ് മുരളീധരൻ പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ രോഹിത് ശർമ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇതേപോലെ കോഹ്ലിയും ഫോമിലേക്ക് തിരികെ വരേണ്ടത് ഇന്ത്യയുടെ ആവശ്യമാണ് എന്ന് മുരളീധരൻ കൂട്ടിച്ചേർക്കുന്നു.
“വിരാട് കോഹ്ലിയും രോഹിത് ശർമയും ലോകോത്തര താരങ്ങളാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഫോം എന്നത് താൽക്കാലികമാണെന്നും ക്ലാസാണ് സ്ഥിരമെന്നും എല്ലാവരും പറയും. പക്ഷേ രോഹിത് ശർമയും കോഹ്ലിയും തങ്ങളുടെ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ഇതേപോലെതന്നെ കോഹ്ലിയും ഫോമിലേക്ക് എത്തണം. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കണമെങ്കിൽ ഇരു താരങ്ങളും ഫോമിലേക്ക് ഉയരേണ്ടത് നിർണായകമാണ്.”- മുത്തയ്യാ മുരളീധരൻ പറയുകയുണ്ടായി.
ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ വിജയ സാധ്യത കൂടുതലും ഏഷ്യൻ ടീമുകൾക്കാണ് എന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമാക്കിയാണ് മുരളീധരൻ സംസാരിച്ചത്. “യുഎഇയിലും പാക്കിസ്ഥാനിലുമാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. ഇവിടെയുള്ള പിച്ചുകൾ സ്പിന്നിനെ പിന്തുണയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ ടൂർണമെന്റിൽ സ്പിന്നർമാർക്ക് വലിയ പ്രാധാന്യം തന്നെ ഉണ്ടാവും. നിലവിൽ ഏഷ്യൻ ടീമുകൾക്കാണ് ഏറ്റവും മികച്ച സ്പിന്ന നിരയുള്ളത്.”- മുരളീധരൻ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 19നാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ പാക്കിസ്ഥാൻ ന്യൂസിലാൻഡ് ടീമിനെയാണ് നേരിടുന്നത്. ശേഷം ഫെബ്രുവരി 20ന് ഇന്ത്യയുടെ ആദ്യ മത്സരം നടക്കും. ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ ആദ്യ മത്സരത്തിലെ എതിരാളികൾ. ശേഷം ഫെബ്രുവരി 23ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കലാശ പോരാട്ടവും നിശ്ചയിച്ചിട്ടുണ്ട്. ന്യൂസിലാൻഡും പാക്കിസ്ഥാനുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ വലിയ എതിരാളികളായി ഉള്ളത്..



