ടെസ്റ്റ് റാങ്കിങ്ങിൽ സ്മിത്തിനും കോഹ്ലിക്കും നേട്ടം :ഒന്നാം സ്ഥാനത്ത് നിന്ന് തെറിച്ച് വില്യംസൺ

ക്രിക്കറ്റ്‌ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കിവീസ് നായകൻ കെയ്ൻ വില്യംസണും. ജൂൺ പതിനെട്ടിന് ഇന്ത്യ:ന്യൂസിലാൻഡ് ടെസ്റ്റ് ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ കണ്ണുകൾ എല്ലാം രണ്ട് ടീമിന്റെ പ്രധാന ബാറ്റ്‌സ്മാൻമാർ കൂടിയായ ഇരുവരിലേക്കുമാണ്. ഇപ്പോൾ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ പ്രഖ്യാപിച്ച പുതുക്കിയ ടെസ്റ്റ് റാങ്കിങ്സ് പ്രകാരം ബാറ്റസുമാന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇരുവരിൽ നിന്നും മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് കസ്ഥമാക്കിയതാണ് ക്രിക്കറ്റ്‌ ലോകത്തെ പ്രധാനപെട്ട ചർച്ച.

നിലവിലെ റാങ്കിങ് പ്രകാരം 896 റേറ്റിംഗ് പോയിന്റ് നേടിയ സ്മിത്ത് ഒരിടവേളക്ക് ശേഷം വീണ്ടും റാങ്കിങ്ങിലെ ആധിപത്യം സ്വന്തമാക്കി. ഒന്നാം സ്ഥാനത്തായിരുന്ന വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് വീണപ്പോൾ ഇന്ത്യൻ നായകൻ കോഹ്ലി നാലാമതാണ്.891പോയിന്റുകൾ നേടി വില്യംസൺ രണ്ടാമത് സ്ഥാനത്ത് എത്തി.

അതേസമയം റാങ്കിങ്ങിൽ ഏറ്റവും നഷ്ട്ടം നേരിട്ടത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ്. റാങ്കിങ്ങിൽ മൂന്നാം സ്ഥാനം നഷ്ടമായി റൂട്ട് അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോൾ ഓസ്ട്രേലിയൻ സൂപ്പർ താരം മാർനസ് ലാബുഷെയ്ൻ മൂന്നാമത് എത്തി കിവീസിന് എതിരായ ടെസ്റ്റ് പരമ്പരയിൽ മോശം ബാറ്റിംഗ് കാഴ്ചവെച്ചതാണ് ജോ റൂട്ടിന് തിരിച്ചടിയായത്. റാങ്കിങ്ങിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്, ഓപ്പണർ രോഹിത് ശർമ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ഓഫ്‌ സ്പിന്നർ രവി അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്.