റിഷഭ് പന്തല്ല, ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവാണ് കളിക്കേണ്ടത്. ഹർഭജൻ സിംഗ് പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ റിഷഭ് പന്തിന് മുകളിൽ സഞ്ജു സാംസണെ തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. വരും ദിവസങ്ങളിൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹർഭജൻ സിംഗ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പന്തിന് കുറച്ച് വിശ്രമം അനുവദിക്കുന്നത് നന്നായിരിക്കും എന്നാണ് ഹർഭജൻ പറയുന്നത്. ഒപ്പം കഴിഞ്ഞ സമയങ്ങളിൽ സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ കൂടി കണക്കിലെടുത്താണ് ഹർഭജൻ സംസാരിച്ചത്.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിനങ്ങളിൽ സഞ്ജു കാഴ്ചവച്ച മികവ് തന്നെ അത്ഭുതപ്പെടുത്തി എന്നും ഹർഭജൻ പറയുകയുണ്ടായി. “റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നീ താരങ്ങളിൽ ഒരാളെ മാത്രമാണ് നമുക്ക് ചാമ്പ്യൻസ് ട്രോഫിയിലേക്ക് തിരഞ്ഞെടുക്കാൻ സാധിക്കുക. ഞാനായിരുന്നുവെങ്കിൽ സഞ്ജു സാംസണെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുക. കാരണം ദക്ഷിണാഫ്രിക്കയിൽ മികവ് പുലർത്താൻ അവന് കഴിഞ്ഞിരുന്നു. റിഷഭ് പന്ത് ഓസ്ട്രേലിയയിൽ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ അതൊരു ദൈർഘ്യമേറിയ പര്യടനമായിരുന്നു. അതുകൊണ്ട് അവന് വിശ്രമം ആവശ്യമാണ്.”- ഹർഭജൻ സിംഗ് പറയുകയുണ്ടായി.

ചാമ്പ്യൻസ് ട്രോഫിയിലേക്ക് രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലിനെയാണ് താൻ തിരഞ്ഞെടുക്കുന്നത് എന്നും ഹർഭജൻ കൂട്ടിച്ചേർക്കുകയുണ്ടായി. ജഡേജയുടെ റോൾ കൃത്യമായി നിർവഹിക്കാൻ സാധിക്കുന്ന താരമാണ് അക്ഷർ എന്നാണ് ഹർഭജന്റെ അഭിപ്രായം. “ഞാൻ ജഡേജയ്ക്ക് മുകളിൽ അക്ഷർ പട്ടേലിനെ തന്നെയാണ് ചാമ്പ്യൻസ് ട്രോഫിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കാരണം ജഡേജയുടെ റോൾ എല്ലാതരത്തിലും ജഡേജയുടെ റോൾ നിർവഹിക്കാൻ അക്ഷർ പട്ടേലിന് സാധിക്കുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവൻ അതുതന്നെയാണ് ചെയ്യുന്നത്.”- ഹർഭജൻ കൂട്ടിച്ചേർത്തു.

ഇതുവരെ ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വെച്ചിട്ടുള്ളത്. 2023 ഡിസംബറിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരം കളിച്ചത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ മികവ് പുലർത്താനും സഞ്ജുവിന് സാധിച്ചിരുന്നു. ഇതുവരെ ഏകദിന കരിയറിൽ 16 മത്സരങ്ങൾ കളിച്ച സഞ്ജു 56.66 എന്ന ശരാശരിയിൽ 510 റൺസാണ് ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 3 അർത്ഥസെഞ്ച്വറികളും സഞ്ജു ഇന്ത്യൻ ജേഴ്സിയിൽ നേടിക്കഴിഞ്ഞു.

Previous articleകൂടുതൽ ആത്മവിശ്വാസം, ആക്രമണ ശൈലി. സഞ്ജു ഇന്ത്യയുടെ ഹീറോ. മുൻ താരത്തിന്റെ വിലയിരുത്തൽ.