എന്റെ ആദ്യ ഐപിൽ സെഞ്ചുറിയുടെ മുഴുവൻ ക്രെഡിറ്റും നായകൻ സഞ്ജു സാംസണ് : വാനോളം പുകഴ്ത്തി ജോസ് ബട്ട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സഹതാരവും ടീമിലെ ഓപ്പണറുമായ ജോസ് ബട്ട്ലർ .താരം
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ  നേടിയ  സെഞ്ചുറിക്ക്  കടപ്പെട്ടിരിക്കുന്നത്  നായകൻ സഞ്ജു സാംസണോട് മാത്രം എന്നാണ് ബട്ട്ലർ പറയുന്നത് .ഇംഗ്ലണ്ട് താരത്തിന്റെ കന്നി ഐപിൽ ശതകം കൂടിയായിരുന്നു ഇത് .

“സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുക എന്നത്  വളരെ രസകരമാണ്. നേരിട്ട ആദ്യ പന്ത് തന്നെ ആ മത്സരത്തിൽ  സഞ്ജു സിക്സിന് പറത്തി. അത്ഭുതകരമാണത്.  കളിയുടെ തുടക്കത്തിൽ പന്ത് മിഡിൽ ചെയ്യാൻ  ഏറെ ബുദ്ധിമുട്ടിയ എന്റെ സമ്മർദ്ദം വളരെ അകറ്റുന്നതായിരുന്നു  സഞ്ജുവിന്റെ ഇന്നിം​ഗ്സ്. ഓരോ പന്തിലും കഴിവതും  റൺസെടുക്കാനാണ് സ‍ഞ്ജു ശ്രമിക്കുന്നത്. ഹൈദരാബാദിനെതിരെ സഞ്ജു കാഴ്ചവെച്ച ഇന്നിംഗ്സ് ഒരുവേള മത്സരത്തിൽ എന്റെ എല്ലാ സമ്മർദ്ദവും മാറ്റി എന്നതാണ് സത്യം “ബട്ട്ലർ വാചാലനായി .

സീസണിലെ തുടക്കത്തിൽ ബാറ്റിംഗ് ഫോം വീണ്ടെടുക്കാൻ കഴിയാതെ താൻ ബുദ്ധിമുട്ടിയതും ബട്ട്ലർ തുറന്ന് പറഞ്ഞു. “സീസണിന്റെ തുടക്കത്തിൽ എനിക്ക് ബാറ്റിങ്ങിൽ ഫോം കൊണ്ടുവരുവാൻ കഴിഞ്ഞില്ല . എന്നാൽ രാജസ്ഥാൻ ടീം ഡയറക്ടർ കുമാർ സംഗക്കാരക്കും സഹ പരിശീലകൻ ട്രെവർ പെന്നിക്കുമൊപ്പം  ഏറെ  സമയം ചിലവഴിക്കുവാൻ കഴിഞ്ഞത്  ആത്മവിശ്വാസം നൽകി .
സെഞ്ച്വറി നേടിയ മത്സരത്തിൽ ഞാൻ ഏറെ ബുദ്ധിമുട്ടിയാണ് ബാറ്റിംഗ് മുൻപോട്ട് കൊണ്ടുപോയത് . അർദ്ധ ശതകം പൂർത്തിയാക്കിയതോടെ എനിക്ക് പഴയ ടച്ച് തിരികെ ലഭിച്ചു .
സഞ്ജുവിന്റെ ഇന്നിംഗ്സ് എനിക്കേറെ ആത്മവിശ്വാസം നൽകി .ആദ്യ ഐപിഎൽ സെഞ്ചുറിയുടെ ക്രെഡിറ്റ് സഞ്ജുവിനാണ് നൽകുന്നതെന്നും ജോസ് ബട്ട്ലർ പറഞ്ഞു.