എന്റെ ജീവിതത്തിലെ ആഗ്രഹമാണ് നഷ്ടമായത് :നിരാശ പ്രകടമാക്കി സിറാജ്

ക്രിക്കറ്റ് ആരാധകർക്ക്‌ എല്ലാം വമ്പൻ സർപ്രൈസ് സമ്മാനിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി :20 ലോകകപ്പിനുള്ള 18 അംഗ സ്‌ക്വാഡിനെ ബിസിസിഐയും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയും ചേർന്ന് പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകത്തെ വളരെ അധികം ഞെട്ടിച്ച ചില സർപ്രൈസ് തീരുമാനങ്ങൾ കൂടി സ്‌ക്വാഡിനുള്ളിൽ കാണുവാൻ നമുക്ക് സാധിക്കും.18 അംഗ സ്‌ക്വാഡിൽ വിരാട് കോഹ്ലിയടക്കം പ്രമുഖ താരങ്ങൾ ഇടം നേടിയപ്പോൾ ശിഖർ ധവാൻ, യൂസ്വേന്ദ്ര ചഹാൽ എന്നിവർക്ക്‌ സ്‌ക്വാഡിൽ അവസരം ലഭിക്കാതെ പോയി. കൂടാതെ സീനിയർ ഓഫ്‌ സ്പിൻ ബൗളർ അശ്വിനും ടീമിലേക്ക് അവസരം ലഭിച്ചു.

എന്നാൽ ക്രിക്കറ്റ് പ്രേമികളുടെ എല്ലാം പ്രതീക്ഷകൾക്ക് വിപരീതമായി മികച്ച ഫോമിൽ ബൗളിംഗ് തുടരുന്ന പേസർ മുഹമ്മദ് സിറാജിന് സ്‌ക്വാഡിൽ ഇടം ലഭിച്ചില്ല.ടെസ്റ്റ്‌ ക്രിക്കറ്റിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തി ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ടെസ്റ്റ്‌ പരമ്പരകളിൽ സ്റ്റാറായി മാറിയ മുഹമ്മദ്‌ സിറാജിന് സ്‌ക്വാഡിൽ അവസരം ലഭിക്കുമെന്ന് മുൻ താരങ്ങൾ അടക്കം അഭിപ്രായപെട്ടത് ചർച്ചയായി മാറിയെങ്കിലും അവസരം ലഭിക്കാതെ പോയതിന്റെ നിരാശയിപ്പോൾ തുറന്നുപറയുകയാണ് മുഹമ്മദ്‌ സിറാജ്.

ലോകകപ്പ് കളിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് പറഞ്ഞ മുഹമ്മദ് സിറാജ് താൻ ടി :20 ക്രിക്കറ്റ് ലോകകപ്പ് സ്‌ക്വാഡിൽ ഒരിടം പ്രതീക്ഷിച്ചിരുന്നു എന്നും വിശദമാക്കി. “ടീമിനെ എക്കാലവും ജയിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ലോകകപ്പ് സ്‌ക്വാഡിൽ അവസരം ഞാൻ പ്രതീക്ഷിച്ചത് സത്യമാണെങ്കിലും ടീം സെലക്ഷൻ നമ്മുടെ കൈകളിലല്ല. ഏറെ ലക്ഷ്യങ്ങൾ എനിക്ക് മുൻപിൽ ഇനിയും ഉണ്ട്. ടീമിനായി അവസരം ലഭിക്കുമ്പോൾ എല്ലാം തിളങ്ങാനാണ് ഞാൻ ആഗ്രഹം കാണിക്കാറുള്ളത് “സിറാജ് അഭിപ്രായം വിശദമാക്കി

അതേസമയം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം ബാംഗ്ലൂർ സ്‌ക്വാഡിന് ഒപ്പമുള്ള സിറാജ് ഇത്തവണ ഐപിഎൽ കിരീടം കരസ്ഥമാക്കുവാൻ റോയൽ ചലഞ്ചേഴ്സ് ടീമിന് കഴിയുമെന്നാണ് അഭിപ്രായപെട്ടത്. കൂടാതെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷവും താരം വ്യക്തമാക്കി