തോൽവിയ്ക്ക് കാരണം ഞാൻ തന്നെ. ഉത്തരവാദിത്തം ഏറ്റെടുത്ത് കൊൽക്കത്ത താരം.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു അവിചാരിതമായ പരാജയമായിരുന്നു കൊൽക്കത്തയെ തേടിയെത്തിയത്. ടൂർണമെന്റിന്റെ ആദ്യ 5 മത്സരങ്ങളിലും പരാജയപ്പെട്ട ഡൽഹിയെ കൊൽക്കത്ത വില കുറച്ചു കാണുകയുണ്ടായി. എന്നാൽ മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഡൽഹി കൊൽക്കത്തയുടെ മേൽ ആധിപത്യം സ്ഥാപിച്ചു. ഇങ്ങനെ ആദ്യ ഇന്നിങ്സിൽ കൊൽക്കത്തയേ 127 റൺസിന് പുറത്താക്കാൻ ഡൽഹിക്ക് സാധിച്ചു. ഒപ്പം തരക്കേടില്ലാത്ത ബാറ്റിംഗ് പുറത്തെടുത്തതോടെ മത്സരത്തിൽ 4 വിക്കറ്റുകൾക്ക് ഡൽഹി വിജയം കാണുകയായിരുന്നു. മത്സരത്തിനുശേഷം കൊൽക്കത്തയുടെ പരാജയത്തിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കൊൽക്കത്ത നായകൻ നിതീഷ് റാണ.

മത്സരത്തിൽ കൊൽക്കത്ത പരാജയപ്പെടാൻ കാരണം താൻ ക്രീസിൽ ഉറയ്ക്കാൻ ശ്രമിക്കാതെ വന്നതാണ് എന്ന് റാണ പറയുന്നു. “ഡൽഹി പിച്ചിൽ ബാറ്റിംഗ് വളരെ ദുഷ്കരമായിരുന്നു. ആദ്യ ഇന്നിങ്സിൽ 15-20 റൺസ് കുറവാണ് ഞങ്ങൾ നേടിയത്. അതിന്റെ പൂർണമായ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. ഞാൻ ക്രീസിൽ ഉറച്ചു നിൽക്കണമായിരുന്നു. എന്നാൽ എനിക്കത് സാധിച്ചില്ല. എന്നിരുന്നാലും ഞങ്ങളുടെ ബോളർമാർ മികവാർന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. വരും മത്സരങ്ങളിൽ കൊൽക്കത്ത മികച്ച പ്രകടനങ്ങളോടെ തിരിച്ചെത്തുക തന്നെ ചെയ്യും.”- നിതീഷ് റാണ പറഞ്ഞു.

“ഡൽഹി ബാറ്റിംഗ് ആരംഭിച്ചപ്പോൾ അവരുടെ സ്കോറിങ് വൈകിപ്പിക്കാൻ ആണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ പവർപ്ലെയിൽ ക്യാപിറ്റൽസ് വളരെ നന്നായി തന്നെ ബാറ്റ് ചെയ്തു. അതുകൊണ്ടാണ് അവർക്ക് മത്സരത്തിൽ വിജയിക്കാൻ സാധിച്ചത്. ഒരു ടീം എന്ന നിലയിൽ ഒത്തൊരുമിച്ച് ഞങ്ങൾ കളിക്കേണ്ടതുണ്ട്. ബോളിങ്ങിൽ ഇന്ന് നടത്തിയതുപോലെ മികച്ച പ്രകടനങ്ങൾ ഇനിയും ആവർത്തിക്കണം. ഈ കാര്യങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോയാൽ ഞങ്ങൾക്ക് മെച്ചപ്പെടാൻ സാധിക്കും എന്നാണ് കരുതുന്നത്.”- റാണ കൂട്ടിച്ചേർത്തു.

മത്സരത്തിൽ 128 റൺസ് ആയിരുന്നു ഡൽഹിയുടെ വിജയലക്ഷ്യം. ഡൽഹിക്കായി ആദ്യ ഓവറുകളിൽ ഡേവിഡ് വാർണർ നിറഞ്ഞാടി. എന്നാൽ പിന്നീട് ഡൽഹി വിക്കറ്റുകൾ കൃത്യമായി ഇടവേളകളിൽ വീഴ്ത്താൻ കൊൽക്കത്തക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും മത്സരത്തിൽ 4 വിക്കറ്റുകൾക്ക് ഡൽഹി വിജയം കാണുകയുണ്ടായി. ഈ സീസണിലെ ഡൽഹിയുടെ ആദ്യ വിജയമാണ് മത്സരത്തിൽ പിറന്നത്.