ഞാൻ ആറ് മാസമായി അക്കാര്യം പ്ലാൻ ചെയ്തു :വെളിപ്പെടുത്തലുമായി അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ബൗളറാണ് അശ്വിൻ. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ അടുത്തിടെ ഹർഭജൻ സിംഗിനെ മറികടന്ന് മൂന്നാമത് എത്തിയ അശ്വിൻ സ്ഥിരതയോടെ ഏറെ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ വളരെ അധികം ശ്രദ്ധേയനാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീം അശ്വിന്റെ ബൗളിംഗ് മികവിൽ ഏറെ വിശ്വാസം അർപ്പിക്കുന്നുണ്ട്.ഒപ്പം വിദേശ മണ്ണിലെ മോശം ഗ്രാഫ് കൂടി മികച്ചതാക്കി മാറ്റമെന്നാണ് അശ്വിന്റെ പ്രതീക്ഷ.

അതേസമയം ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ അശ്വിൻ സൂപ്പര്‍ താരം സ്മിത്തിന്‍റെ വിക്കറ്റ് തുടർച്ചയായി വീഴ്ത്തിയിരുന്നു. ഒന്നാം നമ്പർ ബാറ്റ്‌സ്മാനായ സ്മിത്തിന്റെ എല്ലാ ബലഹീനതകളും മനസ്സിലാക്കുവാനായി താൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ അശ്വിൻ. പരമ്പരക്ക്‌ ആറ് മാസം മുൻപ് തന്നെ താൻ ഈ ഒരു പ്ലാനിംഗ് ആരംഭിച്ചിരുന്നു എന്നും വിശദമാക്കിയ അശ്വിൻ എതിർ ടീമിലെ സ്റ്റാർ ബാറ്റ്‌സ്മാനെ അതിവേഗം പുറത്താക്കേണ്ട ആവശ്യകതയും തന്നെ വിശദമാക്കി.

“ഞാൻ സ്റ്റീവ് സ്മിത്തിനായി എന്റെ എല്ലാ തയ്യാറെടുപ്പുകളും ആറ് മാസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. കേവലം ഒന്നോ രണ്ടോ ആഴ്ചകൾ മുൻപല്ല. അദ്ദേഹം ആറ് മാസമായി കളിക്കുന്ന എല്ലാ ടെസ്റ്റ്‌ മത്സരങ്ങളും ഞാൻ നിരീക്ഷിച്ചു. ഓരോ ബൗൾ അടക്കം. ദൃശ്യങ്ങൾ എല്ലാം ഞാൻ ഏറെ വിശദമായി മനസ്സിലാക്കി. ഏത് തരം ഷോട്ടുകൾ കളിച്ചാണ് റൺസ്‌ നേടുന്നത് എന്നത് അടക്കം.ഇന്ത്യൻ ടീം പര്യടനത്തിന് മുൻപായി ഓസ്ട്രേലിയൻ ടീം കിവീസിന് എതിരായിട്ടാണ് പരമ്പര കളിച്ചത്. ആ ടെസ്റ്റ്‌ പരമ്പരയിലെ ഓരോ ദിവസത്തെ കളിയും ഞാൻ കണ്ടിരുന്നു. ഓരോ ദിവസവും വിശദമായി തന്നെ ഞാൻ നോക്കി പഠിച്ചു. കാര്യങ്ങൾ എല്ലാം മനസ്സിലാക്കാനും കൂടുതൽ പ്ലാനുകൾ അതിന് അനുസരിച്ച് തയ്യാറാക്കാനും ഇത് വളരെ ഏറെ സഹായിച്ചു “അശ്വിൻ തന്റെ അഭിപ്രായം വിശദമാക്കി.

സ്റ്റീവ് സ്മിത്തിനെ കൂടാതെ ലാബുഷേനെയും ഏറെ നിരീക്ഷിച്ചതായി അശ്വിൻ തുറന്ന് പറഞ്ഞു. “ഇരുവരും ബാറ്റിങ്ങിൽ വളരെ മുന്നിൽ നിൽക്കുന്ന താരങ്ങളാണ്. ചില ചെറിയ കാര്യങ്ങളിൽ അടക്കം ഞാൻ ഇവരുടെ ബാറ്റിങ് ശൈലി മനസ്സിലാക്കി. അതിനാൽ തന്നെ എനിക്ക് ആ ഒരു ടെസ്റ്റ്‌ പരമ്പരയിൽ എന്റേതായ അനേകം ചില മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിച്ചു. ഞാൻ എല്ലാ പ്ലാനുകൾക്കും ഒടുവിൽ സ്പീഡിൽ അടക്കം മാറ്റങ്ങൾ നടത്തി. എല്ലാ അർഥത്തിലും ഈ തയ്യാറെടുപ്പ് എന്നെ സഹായിച്ചു ” രവിചന്ദ്രൻ അശ്വിൻ വെളിപ്പെടുത്തി