ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരം ഇന്ത്യയുടെ യുവതാരം അഭിഷേക് ശർമയെ സംബന്ധിച്ച് ഒരു സ്വപ്നതുല്യമായ മത്സരം തന്നെയായിരുന്നു. മത്സരത്തിൽ അഭിഷേക് ശർമ 54 പന്തുകളിൽ 135 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ മത്സരത്തിൽ 247 എന്ന വമ്പൻ സ്കോറിൽ എത്തുകയും ഇംഗ്ലണ്ടിനെ 150 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു.
മത്സരത്തിലെ അഭിഷേക് ശർമയുടെ പ്രകടനം അവന്റെ മെന്ററായ യുവരാജ് സിംഗിനെ ഒരുപാട് സന്തോഷത്തിൽ ആക്കിയിട്ടുണ്ട്. യുവരാജിന്റെ ഒരു വലിയ ആഗ്രഹം തനിക്ക് മത്സരത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിച്ചു എന്നാണ് അഭിഷേക് ശർമ മത്സരശേഷം പറഞ്ഞത്.
ട്വന്റി20 മത്സരത്തിൽ 15 ഓവറുകൾ എങ്കിലും ബാറ്റ് ചെയ്യണമെന്ന യുവരാജിന്റെ ആഗ്രഹമാണ് താൻ സാധിച്ചത് എന്ന് അഭിഷേക് ശർമ തുറന്നു പറഞ്ഞു. “എന്റെ പ്രകടനത്തിൽ യുവി ഭായി ഒരുപാട് സന്തോഷവാനായിരിക്കും. എപ്പോഴും ഞാൻ 15- 20 ഓവറുകൾ ബാറ്റ് ചെയ്യണമെന്ന ആഗ്രഹമാണ് അദ്ദേഹം പറയാറുള്ളത്. നിലവിലെ ഇന്ത്യൻ ടീമിൽ ഗൗതി ഭായിയും അത്തരമൊരു കാര്യം എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇന്നായിരുന്നു എന്റെ ദിവസം എന്ന് ഞാൻ കരുതുന്നു. നന്നായി തന്നെ എന്റെ തന്ത്രങ്ങൾ പ്രാവർത്തികമാക്കാൻ സാധിച്ചു.”- അഭിഷേക് ശർമ പറഞ്ഞു.
ഇന്ത്യയുടെ പരിശീലകനായ ഗംഭീറിന്റെയും നായകനായ സൂര്യകുമാർ യാദവിന്റെയും ആവശ്യം ഇത്തരത്തിലുള്ള ബാറ്റിംഗ് സമീപനമാണ് എന്ന് അഭിഷേക് ശർമ പറയുകയുണ്ടായി. തന്റെ സ്വാഭാവിക മത്സരം കളിക്കാൻ അവർ ഒരുപാട് സ്വാതന്ത്ര്യം നൽകുന്നു എന്നും അഭിഷേക് പറഞ്ഞു.
“ആദ്യ ദിവസം മുതൽ വളരെ നന്നായി തന്നെ എന്നെ മുന്നോട്ടു നയിക്കാൻ എന്റെ പരിശീലകനും നായകനും സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഈ മനോഭാവത്തോടെ കളിക്കാനാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്. ഒരുപാട് പിന്തുണയും അവർ നൽകി. എന്നെ സംബന്ധിച്ച് അതൊക്കെയും സ്പെഷ്യലാണ്.”- അഭിഷേക് ശർമ കൂട്ടിച്ചേർത്തു..
“എതിർ ടീമിലെ ബോളർമാർ 140- 150 കിലോമീറ്റർ സ്പീഡിൽ പന്തറിയുമ്പോൾ നമുക്ക് കൃത്യമായ മനോഭാവത്തോടെ മുന്നോട്ട് പോകാൻ സാധിക്കണം. അതായിരുന്നു ഞങ്ങളുടെ തന്ത്രം. മുൻപിലേക്ക് വരുന്ന പന്തിനെതിരെ കൃത്യമായി പ്രതികരിക്കുക എന്നത് മാത്രമായിരുന്നു ഞാൻ ചെയ്തത്. എന്റെ സ്വതസിദ്ധമായ ഷോട്ടുകൾ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.”- അഭിഷേക് ശർമ പറഞ്ഞുവെക്കുകയുണ്ടായി.



