ധോണി മഞ്ഞകുപ്പായത്തില്‍ തുടരുമോ ? സൂചനകള്‍ നല്‍കി നായകന്‍

അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുമെന്ന സൂചന നല്‍കി നായകന്‍ മഹേന്ദ്ര സിംഗ് ധോണി. 2021 സീസണിലെ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആദരിച്ച ചടങ്ങിലാണ് ധോണി ആരാധകര്‍ക്കായി സൂചന നല്‍കിയത്.

”എന്‍റെ അവസാന ഏകദിനം ഞാന്‍ കളിച്ചത് എന്‍റെ നാടായ റാഞ്ചിയിലായിരുന്നു. അതുപോലെ എന്‍റെ അവസാന ടി20 മത്സരം ചെന്നൈയില്‍ കളിക്കണമെന്നാണ് ആഗ്രഹം. ചിലപ്പോഴത് അടുത്ത വര്‍ഷം നടക്കുമായിരിക്കും. ചിലപ്പോള്‍ നാലോ അഞ്ചോ കൊല്ലമെടുത്തേക്കാം. അതൊന്നും നമുക്കറിയില്ലല്ലോ ” ധോണി ചടങ്ങില്‍ പറഞ്ഞു

ചെന്നൈയിലെ കാണികള്‍, എതിരാളികള്‍ ആണെങ്കില്‍ പോലും, എപ്പോഴും മികച്ച പ്രകടനം നടത്തുന്നവരെ അഭിനന്ദിക്കുന്നവരാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയ വേദികളില്‍ ഒന്നാണ് ചെപ്പോക്ക് എന്നാണ് ധോണി കരുതുന്നത്.

“ഇപ്പോള്‍ നമ്മള്‍ നവംബറില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. കളിക്കണമോ എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കും, തിടുക്കത്തിൽ തീരുമാനം എടുക്കേണ്ട കാര്യമില്ല.” ചെന്നൈയിൽ ഐപിഎൽ കിരീടം നേടിയതിന്റെ ആഘോഷം നടക്കുന്ന ചടങ്ങിനിടെ ധോണി പറഞ്ഞു. അടുത്ത സീസണിൽ കളിക്കുന്ന കാര്യം ഇതുവരെ ധോണി തീർത്ത് പറഞ്ഞിട്ടില്ലെങ്കിലും താരത്തെ തന്നെയാണ് അടുത്ത സീസണിലും ചെന്നൈ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.