ചരിത്രവിജയം നേടി വിൻഡിസ്. പാകിസ്ഥാനെ ടെസ്റ്റിൽ തോൽപിച്ചത് 120 റൺസിന്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രവിജയം സ്വന്തമാക്കി വിൻഡിസ് ക്രിക്കറ്റ് ടീം. 1990ന് ശേഷം പാക്കിസ്ഥാൻ ടീമിനെ പാകിസ്ഥാൻ മണ്ണിൽ ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയാണ് വിൻഡീസ് ടീം ചരിത്രം സൃഷ്ടിച്ചത്.

മുൾട്ടാനിൽ നടന്ന മത്സരത്തിൽ 120 റൺസിന്റെ വിജയമായിരുന്നു വിൻഡീസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് വിൻഡീസ് ടീമായിരുന്നു. ബാറ്റിംഗിൽ വലിയ തകർച്ചയാണ് ടീമിന് ലഭിച്ചത്. കേവലം 54 റൺസ് സ്വന്തമാക്കുന്നതിനിടെ വിൻഡീസിന്റെ 8 വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ നഷ്ടമായി.

എന്നാൽ പിന്നീട് വാലറ്റ ബാറ്റർമാർ വിൻഡീസ് ടീമിനെ കൈപിടിച്ചു കയറ്റുകയായിരുന്നു. 87 പന്തുകളിൽ 55 റൺസ് നേടിയ മോട്ടിയാണ് വിൻഡീസിന്റെ ചെറുത്തു നിൽപ്പിന് തുടക്കം കുറിച്ചത്. ശേഷം പത്താമനായെത്തിയ കെമാർ റോച്ച് 25 റൺസ് നേടി. അവസാന ബാറ്ററായ വാരിക്കാൻ 36 റൺസ് കൂടി നേടിയതോടെ വലിയ ദുരന്തത്തിലായ വെൻഡീസ് കൈപിടിച്ചു കയറുകയായിരുന്നു. തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 163 റൺസാണ് വിൻഡിസ് സ്വന്തമാക്കിയത്. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാൻ കരുതലോടെയാണ് തുടങ്ങിയത്. പക്ഷേ മുൻനിരയെ പാകിസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായി.

പിന്നീട് മധ്യനിര ബാറ്റർമാരായ സൗദ് ഷക്കീലും റിസ്വാനും മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ഷക്കീൽ 32 റൺസും റിസ്വാൻ 49 റൺസും നേടി. ഇങ്ങനെ പാക്കിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 154 റൺസ് സ്വന്തമാക്കുകയായിരുന്നു. 9 റൺസിന്റെ മാത്രം ലീഡാണ് വിൻഡീസിന് ആദ്യ ഇന്നിങ്സിൽ ലഭിച്ചത്. ശേഷം രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിന്റെ നായകനായ ബ്രാത്ത്വെയ്റ്റ് ഒരു അർത്ഥസെഞ്ച്വറി സ്വന്തമാക്കി. ഒപ്പം മധ്യനിര ബാറ്റർമാരും മികച്ച പിന്തുണ നൽകിയതോടെ ഭേദപ്പെട്ട ഒരു സ്കോറിലേക്ക് വെസ്റ്റിൻഡീസ് എത്തുകയായിരുന്നു. 244 റൺസാണ് വെസ്റ്റിൻഡീസ് തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ നേടിയത്. ഇതോടെ പാകിസ്താന്റെ വിജയലക്ഷ്യം 253 റൺസായി മാറി.

പക്ഷേ ഇത് മറികടക്കാൻ വലിയൊരു ദൗത്യം തന്നെ പാകിസ്താന് പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു. മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ വിൻഡീസ് ടീം പാക്കിസ്ഥാനെ എറിഞ്ഞൊതുക്കുകയായിരുന്നു. വാരിക്കാൻ 5 വിക്കറ്റുകളും സിംഗ്ലയർ 3 വിക്കറ്റുകളും മോട്ടി 2 വിക്കറ്റുകളും സ്വന്തമാക്കിയതോടെ പാകിസ്താന്റെ ഇന്നിംഗ്സ് കേവലം 133 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ 120 റൺസിന്റെ കൂറ്റൻ വിജയവും വിൻഡീസിന് ലഭിച്ചു.