യുവ താരങ്ങളെ എപ്പോഴും കരുത്തരാക്കാൻ അദ്ദേഹത്തിന് കഴിയും :തുറന്ന് പറഞ്ഞ് ശുഭ്മാൻ ഗിൽ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിപ്പോൾ വളരെയേറെ നിർണായക മത്സരങ്ങൾക്കായി ആവേശ കാത്തിരിപ്പിലാണ്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഓഗസ്റ്റ് മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരയും ക്രിക്കറ്റ്‌ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണ്. ജൂലൈ മാസം ആരംഭിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനവും യുവ താരങ്ങൾക്കും ഒപ്പം അനവധി പുതുമുഖ ക്രിക്കറ്റ്‌ താരങ്ങൾക്കും പ്രധാനമാണ്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്‌. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും സ്ഥാനം കണ്ടെത്തി.

അതേസമയം ലങ്കൻ പരമ്പരക്കുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഏവരും രാഹുൽ ദ്രാവിഡിന്റെ പരിശീലന രീതികൾ എപ്രകാരമാകുമെന്ന ചർച്ച ആരംഭിച്ച് കഴിഞ്ഞു. നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായ ദ്രാവിഡിനെ ഇന്ത്യൻ സംഘത്തെ പരിശീലിപ്പിക്കാൻ ശ്രീലങ്കയിലേക്ക് അയക്കുവാൻ കഴിഞ്ഞ ആഴ്ച ബിസിസിഐ എടുത്ത തീരുമാനം ക്രിക്കറ്റ്‌ ആരാധകരും സ്വീകരിച്ചിരുന്നു. ഇപ്പോൾ ദ്രാവിഡിന്റെ പരിശീലനത്തെ കുറിച്ച് സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ പങ്കുവെച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്.യുവ താരങ്ങൾക്ക് എന്നും സപ്പോർട്ട് നൽകുന്ന ദ്രാവിഡ്‌ ലങ്കക്ക് എതിരായുള്ള ഇന്ത്യൻ ടീമിന് വളരെയേറെ കരുത്താകും എന്നും ഗിൽ തുറന്ന് പറയുന്നു.

“ടീമിലെ താരങ്ങൾ എല്ലാം സാങ്കേതിക മികവ് പുലർത്തണമെന്ന് വാശിപിടിക്കുന്ന പരിശീലകനല്ല ദ്രാവിഡ്‌ സാർ. പക്ഷേ എന്റെ അഭിപ്രായത്തിൽ അദ്ദേഹം നൽകുന്ന ചില ഉപദേശങ്ങൾ കരിയറിൽ നമ്മുക്ക് പുത്തൻ ഉണർവാകും. കൂടാതെ ഏതൊരു താരത്തിനും മാനസികമായി ഉണർവ്വ് നൽകുവാൻ ദ്രാവിഡ്‌ സാറിന് കഴിയും.പലരും ചിന്തിക്കുക അദ്ദേഹം ക്രിക്കറ്റിന്റെ ബേസിക് കാര്യങ്ങളിൽ പോലും കടുപിടിത്തകാരനാണ് എന്നാണ് പക്ഷേ അദ്ദേഹം അങ്ങനെ അല്ല. വളരെ ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും ദ്രാവിഡ്‌ സാർ പറയുന്ന വാക്കുകൾ നമ്മളെ സഹായിക്കും ” ശുഭ്മാൻ ഗിൽ വാചാലനായി.

ലിമിറ്റഡ് ഓവർ പരമ്പരകൾ കളിക്കുവാൻ ശ്രീലങ്കയിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം ജൂൺ അവസാന വാരം ശ്രീലങ്കയിൽ എത്തുമെന്നാണ് സൂചന. സ്‌ക്വാഡിലെ എല്ലാ താരങ്ങളും പതിനാല് ദിവസത്തെ ക്വാറന്റീനിൽ പ്രവേശിച്ച് കഴിഞ്ഞു. ടീം ഇന്ത്യയെ കാത്ത് ലങ്കയിലും കഠിനമായ ക്വാറന്റൈനുണ്ട്.