ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ തിളങ്ങുവാനാവാതെ ശുഭ്മാൻ ഗിൽ :സമ്മർദ്ദം താരത്തിന് തിരിച്ചടിയാകുന്നെന്ന് സുനിൽ ഗവാസ്‌ക്കർ

ഇംഗ്ലണ്ടിനെതിരായ നാല് മത്സര   ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. ടെസ്റ്റ്  പരമ്പരയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ ഗില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിൽ നിന്ന്  പുറത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. മായങ്ക് അഗര്‍വാള്‍, രാഹുല്‍,പൃത്ഥ്വി ഷാ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടി ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ഉണ്ട് .
ഇന്ത്യൻ മണ്ണിൽ മികച്ച റെക്കോർഡുള്ള  അഗർവാളിനെ പുറത്തിരുത്തിയാണ്
(99.50ആണ് മായങ്കിന്റെ നാട്ടിലെ ശരാശരി)ഗില്ലിന് ടീം മാനേജ്‌മന്റ് എല്ലാ ടെസ്റ്റിലും ഓപ്പണിങ്ങിൽ അവസരം നൽകിയത് .

എന്നാൽ പരമ്പരയിൽ  വലിയ സ്കോർ നേടുവാനാവാതെ താരം നിരാശനായി മടങ്ങുന്ന കാഴ്ചയാണ് നാം കണ്ടത് . 29,50,0,14,11,15*,0 എന്നിങ്ങനെയാണ് പരമ്പരയിലെ ഗില്ലിന്റെ പ്രകടനം. 21കാരനായ താരം ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മാസം നടന്ന പരമ്പരയിൽ  തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെതിന് ശേഷമാണ് നാട്ടിലെ ആദ്യ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങിയത് . ഇന്ത്യൻ താരത്തിന്റെ ബാറ്റിംഗ് പ്രകടനം  മോശം ആയതിനുള്ള കാരണങ്ങൾ ഇപ്പോൾ ചൂണ്ടിക്കാണിക്കുകയാണ് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ .

“പരമ്പരയിൽ കളിച്ച പിച്ചുകളിൽ ബാറ്റിംഗ് വളരെ ദുഷ്കരമായിരുന്നു .
മോശം ബാറ്റിംഗ്  പിച്ചായതിനാല്‍ ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരാം. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം
ശുഭ്മാൻ ഗില്ലിലുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. ആ പ്രതീക്ഷകളുടെ സമ്മര്‍ദ്ദം അവനെ ബാധിച്ചിരിക്കാന്‍ ഏറെ  സാധ്യതയുണ്ട്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്‌ട്രെയ്റ്റായി കളിക്കണം. ലൈന്‍ ക്രോസ് ചെയ്ത് കളിക്കുമ്പോള്‍ ഇത്തരം കുഴപ്പങ്ങളില്‍ ചാടാനുള്ള സാധ്യത കൂടുതലാണ്. പരമ്പരയിൽ താരം പുറത്തായതിന്റെ പ്രധാന കാരണവും ഇതാണ് ” ഗവാസ്‌ക്കർ അഭിപ്രായം വ്യക്തമാക്കി .