ബാറ്റ് കൊണ്ട് കോഹ്ലി മറുപടി നൽകും :സൂചന നൽകി രാജ്കുമാർ ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഇന്ത്യൻ ടെസ്റ്റ്‌ നായകൻ കോഹ്ലിയുടെ മികച്ച ബാറ്റിങ് പ്രകടനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ അപൂർവ്വമായ റെക്കോർഡുകൾ കരസ്ഥമാക്കിയുള്ള വിരാട് കോഹ്ലിയുടെ കുതിപ്പ് വീണ്ടും ഒരിക്കൽ കൂടി കാണുവാൻ ക്രിക്കറ്റ്‌ ലോകം വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ ഇക്കഴിഞ്ഞ രണ്ട് വർഷകാലം ഒരു സെഞ്ച്വറി പോലും നേടുവാനായി കഴിയാതെ മോശം ബാറ്റിങ് ഫോം കൂടി നേരിടുന്ന വിരാട് കോഹ്ലിക്ക്‌ വരുന്ന സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പര വളരെ നിർണായകമാണ്. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് ഒപ്പം ഏറെ മണിക്കൂറുകൾ കോഹ്ലി ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.

അതേസമയം വരാനിരിക്കുന്ന പര്യടനം വിരാട് കോഹ്ലി മനോഹരമാക്കി മാറ്റും എന്ന് പ്രവചിക്കുകയാണ് കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ . വിമർശനങ്ങൾക്ക് എല്ലാം ബാറ്റ് കൊണ്ട് മറുപടികൾ നൽകുന്ന വിരാട് കോഹ്ലി ശൈലി ഈ പരമ്പരയിൽ കൂടി കാണുവാൻ സാധിക്കുമെന്നാണ് മുൻ കോച്ചിന്‍റെ അഭിപ്രായം.”എക്കാലവും വിരാട് കോഹ്ലിയുടെ കരിയറിൽ നമ്മൾ എല്ലാം കാണാറുള്ളത്. അദ്ദേഹം തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് എല്ലാം ബാറ്റ് കൊണ്ട് മറുപടികൾ നൽകുമെന്നതാണ്. അദ്ദേഹം ഇക്കാര്യങ്ങൾ വീണ്ടും നമുക്ക് വേണ്ടി പുറത്തെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം “ബാല്യകാല കോച്ച് പറഞ്ഞു.

“സൗത്താഫ്രിക്കക്ക്‌ എതിരെ വളരെ മികച്ച റെക്കോർഡുള്ള താരമാണ് വിരാട് കോഹ്ലി. അദ്ദേഹം ഫോമിലേക്ക് എത്താൻ എല്ലാ ആരാധകരും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ആഗ്രഹിക്കുന്നുണ്ട്. കൂടാതെ വിരാട് സൗത്താഫ്രിക്കൻ മണ്ണിൽ തനിക്ക് നേരെ ഉയർന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും. ബാറ്റ് കൊണ്ട് മറുപടി നൽകുന്ന പതിവ് കോഹ്ലി ഒരിക്കൽ കൂടി ആവർത്തിച്ചാൽ സൗത്താഫ്രിക്കക്ക്‌ എതിരെ പരമ്പര ജയവും ടീം ഇന്ത്യക്ക് കരസ്ഥമാക്കാൻ സാധിക്കും.” രാജ്കുമാർ ശർമ്മ വാചാലനായി