സ്ട്രൈക്ക് നൽകാൻ പോലും ഞങ്ങൾ ഭയന്നു :മികച്ച ബൗളറെ വെളിപ്പെടുത്തി ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റിങ് മികവിനാൽ വളരെ അധികം കയ്യടികൾ കരസ്ഥമാക്കിയ ബാറ്റ്‌സ്മാനാണ് ഗൗതം ഗംഭീർ. മൂന്ന് ഫോർമാറ്റിലും ടോപ് ഓർഡർ ബാറ്റിംഗ് ഭദ്രമാക്കിയ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ 2007ലെ ടി :20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പ് ജയത്തിലും നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഐപിഎല്ലിൽ കിരീടം സ്വന്തമാക്കിയ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ഗംഭീർ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്നെ വിരമിച്ചെങ്കിലും ക്രിക്കറ്റ്‌ ചർച്ചകളിൽ എല്ലാം മുന്‍ താരം സജീവമാണ്. താൻ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും പ്രയാസമുള്ള ബൗളർ ആരെന്ന് പറയുകയാണിപ്പോൾ.2010-2011 വർഷങ്ങളിൽ ഇന്ത്യൻ ടീം കളിച്ച സൗത്താഫ്രിക്കൻ പര്യടനത്തെ ഓർത്താണ്‌ ഗംഭീർ ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

താൻ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും കഠിനമായ ബൗളറായി സൗത്താഫ്രിക്കൻ പേസർ മോണി മോർക്കലിനെയാണ് മുൻ ഇന്ത്യൻ താരം ഗംഭീർ വിശേഷിപ്പിച്ചത്. മുൻപ് ഐപിഎല്ലിൽ കൊൽക്കത്ത ടീമിനായി മോർക്കൽ കളിച്ചപ്പോൾ ഗംഭീറായിരുന്നു ക്യാപ്റ്റൻ “ഞാൻ എന്റെ കരിയറിൽ നേരിട്ടുള്ളതിൽ ഏറ്റവും പ്രയാസമുള്ള ബൗളർ മോണി മോർക്കൽ തന്നെയാണ്. ഞാൻ ഇത് പല തവണ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഞാൻ ബ്രെറ്റ് ലീ, ഷോയിബ് അക്തർ എന്നിവരെ എല്ലാം നേരിട്ടുണ്ട്. എങ്കിലും സൗത്താഫ്രിക്കയുടെ ഈ പേസർ എനിക്ക് വെല്ലുവിളികൾ ഏറെ സൃഷ്ടിച്ചിരുന്നു ” ഗൗതം ഗംഭീർ വാചാലനായി.

“മോണി മോർക്കലിന്‍റെ ഉയരവും കൂടാതെ അതിവേഗ ബോളുകളും ഏതൊരു തരം ബാറ്റ്‌സ്മാനും ഭീക്ഷണിയായിരുന്നു. എനിക്ക് അവനെ നേരിട്ടപ്പോൾ എല്ലാം തന്നെ അങ്ങനെ തോന്നിയിട്ടുണ്ട്. അവൻ ഒരിക്കലും ഈസി ബോളുകൾ നിങ്ങൾക്ക് മുൻപിൽ നൽകില്ല.മുമ്പ് ഞാനും സച്ചിനും സൗത്താഫ്രിക്കൻ പര്യടനത്തിൽ മോണി മോർക്കൽ : സ്‌റ്റെയ്‌ൻ ജോഡിയുടെ ഒരു അസാധ്യ സ്പെൽ നേരിട്ടിരുന്നു.

ഒരു മണിക്കൂറിൽ ഞങ്ങൾക്ക് നേടാനായി കഴിഞ്ഞത് വെറും 8 റൺസാണ്. എന്റെ ടെസ്റ്റ്‌ കരിയറിൽ നേരിട്ട എന്റെ മികച്ച സ്പെൽ എന്നാണ് ഈ സംഭവത്തെ സച്ചിൻ വിശേഷിപ്പിച്ചത്.അന്ന് ഞങ്ങൾ ഇരുവർക്കും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും സാധിച്ചിരുന്നില്ല “ഗംഭീർ തുറന്ന് പറഞ്ഞു.