ധോണിയും സ്റ്റോക്സുമല്ല, ലോകക്രിക്കറ്റിലെ “ചെയ്‌സ് മാസ്റ്റർ” അവനാണ്.

virat kohli james anderson 16298905653x2 1

ഒരുപാട് മികച്ച ബാറ്റർമാർ ലോക ക്രിക്കറ്റിൽ ഉണ്ടെങ്കിലും, റൺസ് ചെയ്സ് ചെയ്ത് വിജയിക്കുക എന്നത് ഒരു പ്രത്യേക കഴിവുള്ള ബാറ്റർമാർക്ക് മാത്രം സാധിക്കുന്നതാണ്. സമ്മർദ്ദങ്ങളെ അതിജീവിച്ചാൽ മാത്രമേ വലിയ റൺ ചേസുകളിൽ ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ അഗ്രകണ്യനാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി.

നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ ചെയ്സ് ചെയ്ത മത്സരങ്ങളിലൊക്കെയും വിരാട് കോഹ്ലി ഉഗ്രന്‍ പ്രകടനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡും ഇപ്പോൾ കോഹ്ലിയ്ക്ക് സ്വന്തമാണ്. ലോക ക്രിക്കറ്റിലെ, നിശ്ചിത ഓവർ ഫോർമാറ്റിലെ ചേസിങ് മാസ്റ്റർ വിരാട് കോഹ്ലി തന്നെയാണ് എന്ന് സമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ വെറ്ററൻ ക്രിക്കറ്റർ ജയിംസ് ആൻഡേഴ്സൺ.

സമ്മർദ്ദ സാഹചര്യങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനുള്ള കോഹ്ലിയുടെ കഴിവിനെ പ്രശംസിച്ചാണ് ആൻഡേഴ്സൺ സംസാരിച്ചത്. ക്രിക്കറ്റിന്റെ ചരിത്രം എടുത്തു പരിശോധിക്കുകയാണെങ്കിൽ ഏറ്റവും മികച്ച ബാറ്റർമാരുടെ ലിസ്റ്റിലും കോഹ്ലി ഉൾപ്പെടുന്നുണ്ട് എന്ന് ആൻഡേഴ്സൺ പറയുന്നു. “ലോക ക്രിക്കറ്റിന്റെ ചരിത്രമെടുത്താൽ, നിശ്ചിത ഓവർ ക്രിക്കറ്റിൽ വിരാട് കോഹ്ലിയെക്കാൾ മികച്ച രീതിയിൽ റൺസ് ചെയ്ത് വിജയം സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു താരം ഉണ്ടാവില്ല.”- ജയിംസ് ആൻഡേഴ്സൺ പറയുകയുണ്ടായി.

Read Also -  ചെന്നൈയല്ല, രോഹിത് ഇത്തവണ ഈ 2 ടീമുകളിൽ ഒന്നിൽ കളിക്കും. ഹർഭജൻ സിംഗ് പറയുന്നു.

നിശ്ചിത ഓവർ ക്രിക്കറ്റിൽ അപാര റെക്കോർഡ് തന്നെയാണ് കോഹ്ലിയ്ക്കുള്ളത്. അതിനാൽ തന്നെയാണ് കോഹ്ലിയെ ‘ചെയ്സ് മാസ്റ്റർ’ എന്ന് ലോക ക്രിക്കറ്റ് വാഴ്ത്തുന്നത്. ഒരിക്കലും ജയിക്കാൻ സാധ്യതയില്ലാത്ത പല ചേയ്‌സുകളിലും ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് കോഹ്ലിയുടെ പ്രകടനങ്ങൾ ആയിരുന്നു.

ഇതുവരെ 50 ഏകദിന സെഞ്ച്വറികളാണ് കോഹ്ലി നേടിയിട്ടുള്ളത്. ഇതിൽ 27 സെഞ്ച്വറികളും കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത് റൺസ് ചെയ്‌സ് ചെയ്യുന്ന സമയത്താണ്. മാത്രമല്ല ഇതിൽ 23 സെഞ്ച്വറികൾ കോഹ്ലി സ്വന്തമാക്കിയപ്പോഴും ഇന്ത്യ വിജയം നേടുകയും ചെയ്തിട്ടുണ്ട്.

ട്വന്റി 20 ക്രിക്കറ്റിലും അവിശ്വസനീയ റെക്കോർഡുകൾ തന്നെയാണ് കോഹ്ലിയ്ക്കുള്ളത്. ട്വന്റി20 മത്സരങ്ങളിൽ 48 റൺസാണ് കോഹ്ലിയുടെ ശരാശരി. എന്നാൽ ചെയ്സിങ്ങിലേക്ക് വരുമ്പോൾ കോഹ്ലിയുടെ ശരാശരി ഒരുപാട് ഉയരങ്ങളിലാണ്. 67.1 എന്ന ശരാശരിയാണ് ട്വന്റി20 മത്സരങ്ങളിൽ ചെയ്സ് ചെയ്യുമ്പോൾ കോഹ്ലിയ്ക്കുള്ളത്.

ഇതൊക്കെയും സൂചിപ്പിക്കുന്നത് കോഹ്ലി എത്രമാത്രം മികച്ച മാച്ച് വിന്നറാണ് എന്നാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് നിലവിൽ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് കോഹ്ലി. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും കോഹ്ലി മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിൽ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top