കോഹ്ലിക്കായി വിക്കറ്റുകൾ വീഴ്ത്തി എന്നിട്ടും ടീമിൽ ഇല്ല : ചോദ്യവുമായി മുൻ സെലക്ടർ

ഐപിൽ പതിനാലാം സീസണിൽ പ്ലേഓഫ്‌ ഉറപ്പിക്കുകയാണ് ഇന്ന് പഞ്ചാബ് കിങ്‌സ് ടീമിന് എതിരായ ആറ് റൺസ് ജയത്തിന് പിന്നാലെ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഒരിക്കൽ പോലും ഐപിൽ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലൂർ ഇത്തവണ ആദ്യത്തെ ഐപിൽ കിരീടമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സീസണിൽ ബാറ്റിങ്ങിനൊപ്പം ബൗളിംഗ് നിരയും ഫോമിലേക്ക് എത്തിയത് എല്ലാ ബാംഗ്ലൂർ ആരാധകർക്കും നൽകുന്ന സന്തോഷം വളരെ വലുതാണ്. എന്നാൽ ബാംഗ്ലൂർ ടീമിന്റെ കുതിപ്പിൽ വളരെ അധികം നിർണായകമായി മാറുന്നത് ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹലിന്റെ പ്രകടനമാണ്. ഇന്ന് പഞ്ചാബ് കിങ്‌സ് ടീമിനെതിരായ മത്സരത്തിൽ 3 വിക്കറ്റ് വീഴ്ത്തിയ താരം സീസണിലെ വിക്കറ്റ് നേട്ടം പതിനാലാക്കി.

എന്നാൽ വരാനിരിക്കുന്ന ടി:20 ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്‌ക്വാഡിലേക്ക് ഇടം നേടാതെ പോയ താരത്തിന് പിന്തുണയുമായി ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ ടീം സെലക്ടർ എം. എസ്‌. കെ. പ്രസാദ്. ടീം ഇന്ത്യയിലേക്ക് ഉറപ്പായും അവസരങ്ങൾ ലഭിക്കേണ്ട താരമാണ് ചഹാൽ എന്നും പറഞ്ഞ അദ്ദേഹം ലോകകപ്പ് സ്‌ക്വാഡ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും അഭിപ്രായപെട്ടു.18 അംഗ ഇന്ത്യൻ ടീം സ്‌ക്വാഡിൽ 5 സ്പിൻ ബൗളർമാർ സ്ഥാനം നേടിയപ്പോൾ എക്സ്പീരിയൻസ് ബൗളർ ചാഹലിനെ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കി. അക്ഷർ പട്ടേൽ, അശ്വിൻ, ജഡേജ, രാഹുൽ ചഹാർ എന്നിവർക്ക് പുറമേ വരുൺ ചക്രവർത്തിയും ഇന്ത്യൻ സ്‌ക്വാഡിൽ എത്തി.

“കഴിഞ്ഞ നാല് -അഞ്ച് വർഷമായി ടി :20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഒരു റെക്കോർഡ് വിക്കറ്റ് വേട്ടക്കാരനാണ് ചാഹൽ. മികച്ച പ്രകടനവുമായി ആരാധകരെ എല്ലാം ഞെട്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യക്കായും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനായും എല്ലാം ചാഹൽ വിക്കറ്റ് വീഴ്ത്താറുണ്ട്. കോഹ്ലി ആവശ്യപെടുമ്പോൾ എല്ലാം വിക്കറ്റ് വീഴ്ത്തുന്ന ഒരു സ്പിന്നറാണ് അദ്ദേഹം. പിന്നെ എന്തുകൊണ്ട് ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഇടം ഇല്ല. എങ്ങനെയാണ് രാഹുൽ ചഹാർ ലോകകപ്പ് ടീമിലേക്ക് വന്നത് “മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ചീഫ് സെലക്ടർ ചോദ്യം ഉന്നയിച്ചു.