ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാവാൻ അവന് സാധിക്കും : ഗാംഗുലി.

ganguly bcci 2

2024ൽ ഇന്ത്യയ്ക്ക് മുമ്പിലുള്ള അടുത്ത വെല്ലുവിളി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ്. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 19നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ഇതിനായുള്ള 16 അംഗ ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി.

രോഹിത് ശർമയാണ് ടെസ്റ്റ്‌ മത്സരത്തിൽ നായകനായി എത്തുന്നത്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, കെഎൽ രാഹുൽ, അശ്വിൻ, ജഡേജ എന്നിവരൊക്കെയും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ പന്ത് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടെസ്റ്റ് പരമ്പരയ്ക്കുണ്ട്.

Rishabh Pant

മുൻപ് കാർ അപകടത്തിൽ പരിക്കേറ്റ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വലിയ കാലയളവിൽ മാറി നിൽക്കുകയുണ്ടായി. 2022 ഡിസംബറിൽ ആയിരുന്നു പന്ത് ഇന്ത്യക്കായി അവസാന ടെസ്റ്റ് മത്സരം കളിച്ചത്. ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്ന പന്തിനെ വാനോളം പുകഴ്ത്തിയാണ് ഇപ്പോൾ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത് എത്തിയിരിക്കുന്നത്. എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്ററായി മാറാൻ കെൽപ്പുള്ള താരമാണ് പന്ത് എന്ന് ഗാംഗുലി പറയുകയുണ്ടായി. ഇതിനായി കുറച്ചു കാര്യങ്ങൾ മാത്രം പന്ത് ശ്രദ്ധിച്ചാൽ മതി എന്നാണ് ഗാംഗുലിയുടെ പക്ഷം.

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

“ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളാണ് പന്ത്. ഇത്തരത്തിൽ ടെസ്റ്റ് ടീമിലേക്ക് പന്ത് തിരിച്ചുവരുന്നതിൽ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല. ഇന്ത്യയ്ക്കായി ഇനിയും ടെസ്റ്റ് മത്സരങ്ങളിൽ പന്ത് കളിക്കും എന്നത് എനിക്ക് ഉറപ്പാണ്. ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ ഇന്ത്യക്കായി കാഴ്ചവച്ചാൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി മാറാനും അവന് സാധിക്കും. പക്ഷേ നിശ്ചിത ഓവർ ഫോർമാറ്റിൽ പന്ത് കുറച്ചു കൂടി മെച്ചപ്പെടേണ്ടത് ആവശ്യമാണ്. നിലവിലെ കഴിവുകൾ കണക്കിലെടുത്തുകയാണെങ്കിൽ പന്ത് ഏറ്റവും മികച്ച ക്രിക്കറ്ററായി മാറും.”- ഗാംഗുലി പറഞ്ഞു.

ഇതുവരെ ഇന്ത്യയ്ക്കായി 33 ടെസ്റ്റ് മത്സരങ്ങളാണ് പന്ത് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 2271 റൺസ് പന്ത് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 43.7 എന്ന ശരാശരിയാണ് പന്തിന്റെ വലിയ നേട്ടം. ഇന്ത്യയ്ക്കായി ടെസ്റ്റ് ഫോർമാറ്റിൽ 5 സെഞ്ച്വറികളും പന്ത് സ്വന്തമാക്കിയിട്ടുണ്ട്. വിദേശ പിച്ചുകളിലെ മിന്നും പ്രകടനമാണ് പന്തിനെ ടെസ്റ്റ് മത്സരങ്ങളിൽ വ്യത്യസ്തനാക്കുന്നത്. വിദേശ പിച്ചുകളിൽ തന്റേതായ രീതിയിൽ ആക്രമണ ശൈലിയോടെ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ പന്തിന് സാധിക്കാറുണ്ട്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലും പന്ത് നിർണായക ഘടകമായി മാറിയേക്കും.

Scroll to Top