തോല്‍വിയിലും തല ഉയര്‍ത്തി ഹസരങ്ക. തകര്‍പ്പന്‍ ഹാട്രിക്ക്.

ക്രിക്കറ്റ്‌ ലോകവും ആരാധകരും എല്ലാം ടി :20 ലോകകപ്പ് ആവേശത്തിലാണ്. എല്ലാ ടീമുകളും പ്രകടന മികവിൽ വളരെ അധികം മുൻപിൽ നിൽക്കുമ്പോൾ ഏത് ടീമാകും കിരീടം നേടുക എന്നുള്ള ചോദ്യം ചർച്ചയായി മാറുകയാണ്. നേരത്തെ ടി :20 ലോകകപ്പ് യോഗ്യത റൗണ്ടിൽ മികച്ച ജയങ്ങൾ നേടി ഇത്തവണ ലോകകപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും കരുതിയ ടീമാണ് ശ്രീലങ്ക. എന്നാൽ ഒരിക്കൽ കൂടി മറ്റൊരു തോൽവി വഴങ്ങി സെമി ഫൈനലിലേക്ക് യോഗ്യത നേടുമെന്ന പ്രതീക്ഷകൾ കൂടി അവസാനിപ്പിക്കുകയാണ് ലങ്കൻ ടീം. ഇന്ന് നടന്ന അവസാന ഓവർ വരെ ആകാംക്ഷ നിറഞ്ഞുനിന്ന സൗത്താഫ്രിക്കക്ക്‌ എതിരായ മത്സരത്തിൽ നാല് വിക്കറ്റ് തോൽവിയുമായി ശ്രീലങ്കൻ ടീം വീണ്ടും നിരാശ സമ്മാനിക്കുകയാണ്. സ്റ്റാർ സ്പിന്നർ ഹസരംഗ ഹാട്രിക്ക് നേടിയ മത്സരത്തിൽ ഡേവിഡ് മില്ലറിന്‍റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സൗത്താഫ്രിക്കക്ക്‌ ജയം നേടികൊടുത്തത്.

ശ്രീലങ്ക ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കക്ക്‌ തുടർ വിക്കറ്റുകൾ നഷ്ടമായി എങ്കിലും ശേഷം അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ, റബാഡ വെടികെട്ട് പ്രകടനമാണ് ജയം സമ്മാനിച്ചത്. മില്ലർ 13 ബോളിൽ 2 സിക്സ് അടക്കം 23 റൺസ് നേടിയപ്പോൾ റബാഡ ഏഴ് പന്തുകളിൽ ഒരു സിക്സും ഫോറും അടക്കം 13 റൺസ് നേടി.

മത്സരത്തിൽ വഴിത്തിരിവായി മാറിയത് പതിനെട്ടാം ഓവറിലെ സ്പിന്നർ ഹസരംഗ വീഴ്ത്തിയ ഹാട്രിക്ക് പ്രകടനമാണ്. താരം പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ മാർക്രത്തിന്‍റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നാലെ താരം പതിനെട്ടാം ഓവറിലെ ആദ്യ ബോളിൽ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയുടെ വിക്കറ്റും ശേഷം രണ്ടാം ബോളിൽ പ്രെട്ടോറിയസിന്‍റെ വിക്കറ്റും വീഴ്ത്തി. ഈ ടി :20 ലോകകപ്പ് ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറാണ്

മത്സരം തോറ്റെങ്കിലും അഭിമാനകരമായ അപൂർവ്വം ചില റെക്കോർഡുകൾ കൂടി ഹസരംഗ സ്വന്തമാക്കി.ടി :20 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന മൂന്നാം ബൗളറായി മാറുവാൻ ഹസരംഗക്ക്‌ സാധിച്ചു. ഐപിഎല്ലിൽ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീം താരമാണ് ഹസരംഗ.മുൻപ് 2007ലെ ലോകകപ്പിൽ ഓസ്ട്രേലിയൻ താരം ബ്രറ്റ് ലീയാണ് ആദ്യമായി ടി :20 ലോകകപ്പിൽ ഹാട്രിക്ക് നേടിയ താരം. മുൻപ് ഏകദിനത്തിലും ഹാട്രിക് വീഴ്ത്തിയിട്ടുള്ള താരം ലിമിറ്റെഡ് ഓവർ ഫോർമാറ്റിൽ രണ്ടിലും ഹാട്രിക്ക് സ്വന്തമാക്കിയ നാലാമത്തെ മാത്രം താരമായി മാറി.