“ദുബെയ്ക്ക് പകരമായി റാണയെ ഇറക്കിയത് അനീതി”, ഇന്ത്യൻ ടീമിനെതിരെ ജോസ് ബട്ലർ..

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ബാറ്റർ ശിവം ദുബെയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ കൺകഷൻ സബ്‌സിട്യൂട്ടായി ഹർഷിത് റാണയെ മൈതാനത്ത് ഇറക്കിയതിനെതിരെ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ. മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ എറിഞ്ഞത് ജാമി ഓവർടൺ ആയിരുന്നു. ഓവർടണിന്റെ പന്തിൽ ശിവം ദുബെയ്ക്ക് പരിക്കേറ്റു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ദുബെയ്ക്ക് പകരം ഹർഷിത് റാണയാണ് മൈതാനത്ത് എത്തിയത്. തന്റെ ആദ്യ മത്സരം കളിക്കുന്ന റാണ മത്സരത്തിൽ 33 റൺസ് വിട്ടുനൽകി 3 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. 15 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. എന്നാൽ ദുബെയ്ക്കു പകരം ഹർഷിത് റാണയെ ഇറക്കിയ തീരുമാനം ശരിയായില്ല എന്ന് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ.

ബട്ലർ മാത്രമല്ല മുൻ ഇന്ത്യൻ താരങ്ങളും എക്സ്പെർട്ടുകളും ഇന്ത്യയുടെ ഈ തീരുമാനത്തിൽ തൃപ്തരായിരുന്നില്ല. ഒരു ബാറ്റിംഗ് ഓൾറൗണ്ടറായ ദുബെയ്ക്കു പകരക്കാരനായി മീഡിയം പേസ് ബോളറായ ഹർഷിത് റാണയെ മൈതാനത്ത് എത്തിച്ചത് നീതികരിക്കാനാവാത്ത കാര്യമാണ് എന്ന് പലരും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പറയുകയുണ്ടായി.

ഇതേ സംബന്ധിച്ചാണ് മത്സരശേഷം ബട്ലറും പറഞ്ഞത്. ഒരിക്കലും ദുബെയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന താരമാണ് റാണ എന്ന് തങ്ങൾ കരുതുന്നില്ല എന്നാണ് ബട്ലർ പറഞ്ഞത്. ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തോട് തങ്ങൾ ഒരിക്കലും യോജിക്കുന്നില്ല എന്ന് ഇംഗ്ലണ്ട് നായകൻ കൂട്ടിച്ചേർക്കുകയുണ്ടായി.

“ഒരു കാരണവശാലും ദുബെയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന താരമായിരുന്നില്ല റാണ. ഞങ്ങൾ അതിനോട് ഒരിക്കലും യോജിക്കുന്നില്ല. ഒരുപക്ഷേ ദുബെയ്ക്ക് 25 മൈൽ സ്പീഡിൽ അധികമായി പന്തറിയാൻ സാധിക്കുമായിരുന്നെങ്കിലോ, ഹർഷിത് റാണ കൂടുതൽ മികച്ച രീതിയിൽ ബാറ്റിംഗ് ചെയ്യുമായിരുന്നെങ്കിലോ ഞങ്ങൾക്ക് പ്രശ്നമുണ്ടായിരുന്നില്ല. എന്നിരുന്നാലും ഇത് മത്സരത്തിന്റെ ഒരു ഭാഗമായാണ് ഞങ്ങൾ കാണുന്നത്. മത്സരത്തിൽ വിജയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു.”- ബട്ലർ പറഞ്ഞു.

ഐസിസിയുടെ കൺകഷൻ സബ്സ്റ്റിട്യൂട്ട് നിയമത്തിൽ പറയുന്നത് ഇങ്ങനെയാണ്. “ആവശ്യമെങ്കിൽ ഐസിസി മാച്ച് റഫറിയ്ക്ക് ഒരു ടീമിനായി കൺകഷൻ സബ്സ്റ്റിട്യൂട്ടിനെ ഇറക്കാൻ സാധിക്കും. പക്ഷേ ആ താരം പരിക്കുപറ്റി പുറത്തിരിക്കുന്ന താരത്തിന്റെ, അതേ നിലവാരത്തിലുള്ള പകരക്കാരൻ ആയിരിക്കണം. അത്തരമൊരു താരത്തെ പകരക്കാരനായി കൊണ്ടുവന്നാൽ അവന്റെ ടീമിന് കൂടുതലായി മുൻതൂക്കം ലഭിക്കാൻ പാടില്ല.” എന്നാൽ ഈ നിയമത്തിന് യോജിക്കുന്ന തരത്തിൽ ആയിരുന്നില്ല ഇന്ത്യ ദുബെയ്ക്ക് പകരം റാണയെ മൈതാനത്ത് ഇറക്കിയത്.