സഞ്ജു അടക്കമുള്ളവരുടെ മോശം പ്രകടനത്തിന് കാരണവും ഹർദിക്. പരാമർശവുമായി മുൻ താരം.

ഇന്ത്യയുടെ ട്വന്റി20 നായകൻ ഹർദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോമിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ താരം വസീം ജാഫർ. ഹർദിക് പാണ്ഡ്യ തന്റെ ബാറ്റിംഗിൽ വളരെ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നതെന്നാണ് വസിം ജാഫർ പറയുന്നത്. കൃത്യമായ സമയങ്ങളിൽ പന്ത് ടൈം ചെയ്യാനോ, കൃത്യമായ രീതിയിൽ സ്കോറിങ് ഉയർത്താനോ, സമ്മർദ്ദ സാഹചര്യങ്ങളിൽ പ്രകടനം പുറത്തെടുക്കാനോ ഹർദിക് പാണ്ഡ്യക്ക് സാധിക്കുന്നില്ല എന്ന് വസീം ജാഫർ പറയുകയുണ്ടായി. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ വമ്പൻ പരാജയത്തിന് ശേഷമാണ് വസീം ജാഫർ തന്റെ അഭിപ്രായം അറിയിച്ചത്.

“യഥാർത്ഥത്തിൽ ഹർദിക് പാണ്ഡ്യയുടെ ഫോം വലിയൊരു പ്രശ്നം തന്നെയാണ്. വളരെ മോശം അവസ്ഥയിലാണ് അയാൾ ബാറ്റ് ചെയ്യുന്നത്. കൃത്യമായി സ്കോർ ചെയ്യുന്ന ഹർദിക് പാണ്ഡ്യയെയല്ല നമ്മൾ ഇപ്പോൾ കാണുന്നത്. അയാൾക്ക് വമ്പൻ ഷോട്ടുകൾ കളിക്കുന്നതിലും ബുദ്ധിമുട്ടുകളുണ്ട്. സിക്സറുകൾ പലപ്പോഴും നേടാറുണ്ടെങ്കിലും മികച്ച ടൈമിംഗ് കണ്ടെത്താനും, സ്ട്രൈക്ക് മാറാനുമൊക്കെ ഹർദിക് ബുദ്ധിമുട്ടുന്നു.

മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറി നേടിയതൊഴിച്ചാൽ ഹർദ്ദിക്കിന്റെ പ്രകടനം വളരെ മോശമാണ്. പല മത്സരങ്ങളിലും വളരെ പതിയെയാണ് ഹർദിക്ക് ആരംഭിക്കുന്നത്. അവസാന ഓവറുകളിൽ വമ്പനടികൾ നടത്താനാണ് ഹർദിക് ഇങ്ങനെ തുടങ്ങുന്നത്. പക്ഷേ അവസാന ഓവറുകളിൽ വേണ്ട രീതിയിൽ വെടിക്കെട്ട് തീർക്കാനും ഹർദിക്കിന് സാധിക്കുന്നില്ല.” – വസീം ജാഫർ പറഞ്ഞു.

“എന്നെ സംബന്ധിച്ച് അതൊരു ഗുരുതരമായ പ്രശ്നമാണ്. ഈ പരമ്പരയിൽ ഹർദിക് ബാറ്റ് ചെയ്ത രീതി പരിശോധിക്കുമ്പോൾ വലിയ നിരാശയാണ്. എല്ലായിപ്പോഴും അയാൾ ഇത്തരത്തിൽ പതിഞ്ഞ താളത്തിൽ ഇന്നിംഗ്സ് ആരംഭിക്കാറില്ല. പക്ഷേ അവസാന നിമിഷം നന്നായി ഫിനിഷ് ചെയ്യാറുണ്ട്. എന്നാൽ ഈ പരമ്പരയിൽ ഹർദിക് വ്യത്യസ്തമായാണ് കളിച്ചത്. ഹർദിക് ക്രീസിലെത്തുന്ന സമയത്തൊക്കെയും ഇന്ത്യയുടെ കയ്യിൽ നിന്ന് മൊമെന്റം നഷ്ടപ്പെടുന്നു.

അയാളുടെ സ്ട്രൈക്ക് റേറ്റ് ഒരുപാട് താഴേക്ക് പോകുന്നു. അത് മറ്റുള്ള കളിക്കാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്നു. അവർ പുറത്താകാനും അതൊരു കാരണമായി മാറുന്നു. ഇതൊക്കെയും ഹർദിക്കിനെ സംബന്ധിച്ച് വലിയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അയാൾക്ക് മികവുലർത്തി തിരിച്ചു വരാൻ സാധിക്കൂ.”- ജാഫർ കൂട്ടിച്ചേർത്തു.

പരമ്പരയിൽ വളരെ മോശം പ്രകടനം തന്നെയായിരുന്നു പാണ്ഡ്യ നായകൻ എന്ന നിലയിലും കാഴ്ചവെച്ചത്. കൃത്യമായ രീതിയിൽ ബോളിംഗ് കോമ്പിനേഷനുകൾ ഉപയോഗിക്കാൻ പോലും ഹർദിക്കിന് സാധിക്കാതെ വന്നു. പല മത്സരങ്ങളിലും പേസർ മുകേഷ് കുമാറിനെ അവസാന ഓവറുകളിലാണ് ഹർദിക്ക് ഉപയോഗിച്ചത്. ഇതൊക്കെയും പാണ്ഡ്യയ്ക്ക് മുകളിൽ വിമർശനങ്ങളായി തന്നെ നിൽക്കുകയാണ്. എന്നിരുന്നാലും ശക്തമായ പ്രകടനങ്ങളിലൂടെ ഹർദിക് തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.