2008 ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിലുണ്ടായ പ്രശ്നങ്ങൾ ക്രിക്കറ്റ് ആരാധകർ മറക്കാൻ സാധ്യതയില്ല. മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന ഹർഭജൻ സിംഗ്, പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിനെ മൈതാനത്ത് വച്ച് മുഖത്തടിച്ചതോടെ വിവാദങ്ങൾ പുകയുകയായിരുന്നു. ഇതിനുശേഷം ഹർഭജൻ സിംഗിന് ബിസിസിഐ വിലക്ക് നൽകുകയുണ്ടായി.
പക്ഷേ വർഷങ്ങൾക്കിപ്പുറവും ഈ സംഭവം, തന്നെ വേട്ടയാടുകയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹർഭജൻ സിംഗ്. പലതവണ പല വേദികളിൽ വെച്ച് താൻ ഈ സംഭവത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോഴും താൻ അതിൽ വിഷമിക്കുന്നു എന്ന് ഹർഭജൻ പറയുന്നു. ശ്രീശാന്തിന്റെ മകൾ ഇതേ സംബന്ധിച്ച് തന്നോട് സംസാരിച്ചു എന്നാണ് അശ്വിന്റെ യൂട്യൂബ് ചാനലിൽ ഹർഭജൻ പറയുന്നത്.
“എന്റെ ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ മാറ്റം വരുത്തണമെന്ന് തോന്നുന്നുണ്ടെങ്കിൽ, അത് ശ്രീശാന്തുമായി ഉണ്ടായ സംഭവം തന്നെയാണ്. കാരണം എന്റെ കരിയറിൽ അത്തരമൊരു സംഭവം ഉണ്ടാവാൻ പാടില്ലായിരുന്നു. അന്ന് ഞാൻ ചെയ്തത് വലിയ തെറ്റ് തന്നെയായിരുന്നു. ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. 200 തവണയിൽ കൂടുതൽ ഞാനിപ്പോൾ അതിന് മാപ്പ് പറഞ്ഞു കഴിഞ്ഞു. പക്ഷേ വർഷങ്ങൾക്കിപ്പുറവും എന്നെ അത് വേട്ടയാടുന്നുണ്ട്. ഓരോ വേദിയിലും ഞാൻ അക്കാര്യത്തിൽ ഇപ്പോഴും മാപ്പ് പറഞ്ഞുകൊണ്ടിരിക്കുന്നു.”- ഹർഭജൻ പറയുന്നു.
“നമ്മളെല്ലാവരുടെയും ജീവിതത്തിൽ ഇത്തരം പിഴവുകൾ ഉണ്ടാവാറുണ്ട്. അത് വീണ്ടും ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. അവൻ എന്റെ സഹതാരമായിരുന്നു. ഞങ്ങൾ ഒരുമിച്ച് കളിച്ചിരുന്ന താരങ്ങളാണ്. ആ മത്സരത്തിൽ ശ്രീശാന്ത് എന്റെ എതിരാളിയായിരുന്നു. പക്ഷേ അത്തരമൊരു മനോഭാവം ഞാൻ പുലർത്താൻ പാടില്ലായിരുന്നു. അതെന്റെ തെറ്റാണ് എന്ന് ഞാൻ അംഗീകരിക്കുന്നു. അവൻ എന്നെ പ്രകോപിപ്പിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ അതൊരു വലിയ പ്രശ്നമായിരുന്നില്ല.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.
“വർഷങ്ങൾക്കിപ്പുറം ശ്രീശാന്തിന്റെ മകളെ ഞാൻ കാണുകയും സംസാരിക്കുകയും ചെയ്തു. ഒരുപാട് സ്നേഹത്തോടെയാണ് ആ കുട്ടിയോട് ഞാൻ സംസാരിച്ചത്. പക്ഷേ അവൾ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‘ഞാൻ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങൾ എന്റെ പിതാവിന്റെ മുഖത്തടിച്ച വ്യക്തിയാണ്.’ ഇത്തരത്തിൽ അവൾ സംസാരിച്ചപ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു. ഏതു തരത്തിലാണ് അവളെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചു. എന്നെ ഒരു മോശം വ്യക്തിയായി ആയിരിക്കും ശ്രീശാന്തിന്റെ മകൾ ഇപ്പോഴും കാണുന്നത്. അവളുടെ പിതാവിനെ മർദ്ദിച്ച ഒരാളാണ് ഞാൻ. അക്കാര്യത്തിൽ എനിക്ക് വലിയ സങ്കടമുണ്ട്. ഇപ്പോഴും അവളോട് മാപ്പ് പറയുക എന്നതല്ലാതെ മറ്റൊരു വഴി എനിക്ക് മുൻപിലില്ല”- ഹർഭജൻ പറഞ്ഞു വയ്ക്കുന്നു.



