വീണ്ടും സന്തോഷവാർത്ത :ലങ്കൻ പര്യടനം പതിനെട്ടിന് ആരംഭിക്കും

ക്രിക്കറ്റ്‌ പ്രേമികൾ ഏവരും വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം നിശ്ചയിച്ചത് പോലെ ജൂലൈ പതിനെട്ടിന് തന്നെ ആരംഭിക്കാമെന്ന ലങ്കൻ ക്രിക്കറ്റ്‌ ബോർഡിന്റെയും ബിസിസിഐയുടെയും പ്രതീക്ഷകൾക്ക് ആശ്വാസമായി ലങ്കൻ സ്‌ക്വാഡിലെ താരങ്ങൾ എല്ലാം വിശദമായ കോവിഡ് പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ട്‌ ചെയ്തു. നാളെ ആരംഭിക്കാനിരുന്ന ഏകദിന, ടി :20 പരമ്പരകളുള്ള ഇന്ത്യൻ യുവനിരയുടെ പര്യടനത്തെ ബാധിച്ചത് ലങ്കൻ ക്യാംപിലെ അതിരൂക്ഷ കോവിഡ് വ്യാപനമാണ്. നിലവിൽ ആശങ്കൾ എല്ലാം ഒഴിയുന്നത്തോടെ പരമ്പരകൾ പുതുക്കി നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും എന്നാണ് സൂചന.

നേരത്തെ ശ്രീലങ്കൻ ടീമിന്റെ ബാറ്റിങ് കോച്ചിനും ഒപ്പം വീഡിയോ അനലിസ്റ്റിനും ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നാട്ടിലേക്ക് തിരികെ എത്തിയ ശേഷം നടത്തിയ ചില പരിശോധനകളിൽ കോവിഡ് രോഗബാധ സ്ഥിതികരിച്ചത് ആശങ്ക സൃഷ്ടിച്ചെങ്കിലും പരമ്പരയുമായി മുൻപോട്ട് പോകാനാണ് ഇരു ബോർഡുകളും തീരുമാനിച്ചത്. നേരത്തെ ശ്രീലങ്ക :ഇംഗ്ലണ്ട് ഏകദിന, ടി :20 പരമ്പരകൾക്ക് ശേഷം ചില ഇംഗ്ലണ്ട് താരങ്ങൾക്ക് കോവിഡ് പിടിപെട്ടിരുന്നു. ഇക്കാരണത്താൽ ലങ്കൻ ടീമിൽ കളിച്ച താരങ്ങളെയും ഒരു ആഴ്ച നിർബന്ധിത ക്വാറന്റൈനിലേക്ക് ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ പ്രവേശിപ്പിച്ചവെന്നാണ് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതേസമയം പരമ്പരകൾക്കായുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ക്യാമ്പിൽ വളരെ സജീവമായി പുരോഗമിക്കുകയാണ്. ഇന്നലെ കോച്ച് രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിൽ നടന്ന ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തിൽ താരങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. വരാനിരിക്കുന്ന ടി :20 ലോകകപ്പിലേക്ക് ചില താരങ്ങൾക്ക് സ്ഥാനം നേടുവാൻ ഈ പരമ്പരയിലെ പ്രകടനം വളരെയേറെ പ്രധാനമാണ്.ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചെങ്കിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ്‌ ആരാധകർ.