ലങ്കക്ക് പറക്കുന്ന ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ :ഇത് അപൂർവ്വ സംഭവം

ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യ :ശ്രീലങ്ക ലിമിറ്റഡ് ഓവർ പരമ്പര ആരംഭിക്കുവാനാണ്.കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സെലക്ഷൻ കമ്മിറ്റി ലങ്കക്ക് എതിരായ ഏകദിന,ടി :20 പരമ്പര കളിക്കുവാനായിട്ടുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുത്തത് വൻ ചർച്ചയായി മാറിയിരുന്നു.ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിൽ വൈസ് ക്യാപ്റ്റൻ റോളിൽ എത്തുക പേസ് ബൗളർ ഭുവനേശ്വർ കുമാറാണ്.നേരത്തെ സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവനിരക്ക് പ്രാധാന്യം നൽകുന്ന സംഘമാണ് ലങ്കയിലേക്ക് പറക്കുക.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഒട്ടേറെ താരങ്ങളെ ഇന്ത്യൻ ദേശീയ കുപ്പായത്തിലേക്ക് സ്ഥാനം നൽകി ലങ്കയിലേക്ക് അയക്കുവാൻ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി തീരുമാനം കൈകൊണ്ടതോടെ ആരാധകരും ഇരട്ടി ആവേശത്തിലാണ്.ഇപ്പോൾ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ അടക്കം മൂന്ന് മലയാളി താരങ്ങൾ പരമ്പരയുടെ ഭാഗമായി വന്നതോടെ മലയാളി ക്രിക്കറ്റ്‌ ആരാധകർക്കും ഇതിപ്പോൾ അഭിമാന നിമിഷമാണ്.

ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച സഞ്ജു സാംസൺ ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിൽ സ്ഥിരമാകുവാനുള്ള അവസരമായിട്ടാണ് ഈ പരമ്പരയെ കാണുന്നത്. റിഷാബ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഇന്ത്യൻ ടീമിൽ തിളങ്ങുമ്പോൾ സഞ്ജു ഫോമിലേക്ക് എത്തേണ്ടത് വലിയൊരു ഘടകമാണ്.

ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയ മറ്റൊരു മലയാളിയും കർണാടക താരവുമായ ദേവദത്ത് പടിക്കൽ ഓപ്പണർ എന്നൊരു പൊസിഷനിൽ ഭാവി താരമായി ഇന്ത്യൻ ടീം വളർത്തി കൊണ്ടുവരുവാൻ ഏറെ ആഗ്രഹിക്കുന്ന താരമാണ്. ഇത്തവണ ഐപിഎല്ലിൽ സെഞ്ച്വറി നേടിയ താരം കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഐപിഎല്ലിൽ ആർസിബി ടീമിലും ഒപ്പം ആഭ്യന്തര ക്രിക്കറ്റിൽ കർണാടക ടീമിന് വേണ്ടിയും മികച്ച ബാറ്റിങ്ങാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. ടീമിനോപ്പം നെറ്റ് ബൗളറായി പോകുന്ന ഫാസ്റ്റ് ബൗളർ സന്ദീപ് വാര്യർ ഐപിഎല്ലിൽ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് താരമാണ്.