ഓള്‍റൗണ്ട് പ്രകടനവുമായി ഗ്ലെന്‍ മാക്സ്വെല്‍ ; പക്ഷേ കളിയിലെ താരം വീരാട് കോഹ്ലി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 8 വിക്കറ്റിനു തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫ് സാധ്യത നിലനിര്‍ത്തി. 8 വിക്കറ്റിന്‍റെ വിജയമാണ് ആര്‍സിബി നേടിയത്. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മറികടന്നു.

അര്‍ദ്ധസെഞ്ചുറി നേടിയ വീരാട് കോഹ്ലിയാണ് ടോപ്പ് സ്കോറര്‍. 54 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 73 റണ്‍സാണ് വീരാട് കോഹ്ലി നേടിയത്. നായകന്‍ ഫാഫിനൊപ്പം (38 പന്തില്‍ 44) ഓപ്പണിംഗില്‍ 115 റണ്‍സ് കൂട്ടിചേര്‍ത്തു. തന്‍റെ ഫോമിലേക്ക് തിരിച്ചെത്തിയ വീരാട് കോഹ്ലിയെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നിര്‍ണായക പോരാട്ടത്തില്‍ ഓള്‍റൗണ്ട് പ്രകടനമാണ് ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ നടത്തിയത്. ഗുജറാത്തിന്‍റെ ബാറ്റിംഗിനിടെ സ്ലിപ്പില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് നേടിയാണ് മാക്സ്വെല്‍ ബാംഗ്ലൂരിനു മികച്ച തുടക്കം നല്‍കിയത്. ഹേസല്‍വുഡിന്‍റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ഒറ്റ കൈയ്യില്‍ ഡൈവ് ചെയ്താണ് മാക്സ്വെല്‍ ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തില്‍ ബോളിംഗിലും മാക്സ്വെല്‍ തിളങ്ങി. 4 ഓവറില്‍ 1 മെയ്ഡന്‍ അടക്കം 28 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. വിവാദമായ മാത്യൂ വേഡിന്‍റെ വിക്കറ്റും മാക്സ്വെല്ലിന്‍റെ പേരിലായിരുന്നു. ഗ്ലെന്‍ മാക്സ്വെല്‍ ഫിനിഷ് ചെയ്യാന്‍ എത്തുമ്പോള്‍ ബാംഗ്ലൂരിനു 54 റണ്‍സ് വേണമായിരുന്നു.

ആദ്യ പന്തില്‍ ഔട്ടില്‍ നിന്നും രക്ഷപ്പെട്ട താരം, പിന്നീട് 18 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 40 റണ്‍സാണ് നേടിയത്. മത്സരത്തില്‍ 40 റണ്‍സും ഓരോ വീതം വിക്കറ്റും ക്യാച്ചും നേടിയ ഗ്ലെന്‍ മാക്സ്വെല്ലായിരുന്നു കളിയിലെ താരമാവേണ്ടിയിരുന്നത് എന്നാണ് ആരാധകര്‍ ചൂണ്ടികാട്ടുന്നത്.