ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കായി വളരെ മോശം പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളാണ് ശുഭമാൻ ഗിൽ. ഓസ്ട്രേലിയൻ മണ്ണിൽ ഒരുതരത്തിലും തന്റെ പ്രതാപകാല ഫോമിനൊപ്പം ഉയരാൻ ഗില്ലിന് സാധിച്ചില്ല. 13, 20, 1, 28, 31 എന്നിങ്ങനെയാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഗില്ലിന് നേടാൻ സാധിച്ചത്.
മുൻനിരയിൽ ഇന്ത്യയുടെ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇത്തരത്തിൽ മോശം പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഗില്ലിനെതിരെ രംഗത്ത് എത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ക്രിസ് ശ്രീകാന്ത്. ഗില്‍ എല്ലായിപ്പോഴും ഒരു ഓവർറേറ്റഡ് ക്രിക്കറ്ററാണ് എന്ന് ശ്രീകാന്ത് പറയുകയുണ്ടായി.
“മുൻപും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഗിൽ ഒരു ഓവറേറ്റഡ് ക്രിക്കറ്ററാണ്. പക്ഷേ അന്ന് അത് ആരും കാര്യമായി എടുത്തില്ല. അവന് ഇന്ത്യൻ ക്രിക്കറ്റ് അമിതമായ പ്രാധാന്യം നൽകുന്നുണ്ട്. അതാണ് അവന്റെ പ്രശ്നം.”- ശ്രീകാന്ത് പറയുകയുണ്ടായി. മോശം പ്രകടനങ്ങൾ കാഴ്ചവെച്ചതിന് ശേഷം ഗില്ലിനെ ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിനേയും ശ്രീകാന്ത് ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഇന്ത്യയുടെ മറ്റൊരു താരമായ സൂര്യകുമാർ യാദവിന് ഇത്തരത്തിൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിൽ പിന്തുണ നൽകാത്തത് എന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്.
“ശുഭ്മാൻ ഗില്ലിനെ പോലെയുള്ള താരങ്ങൾക്ക് ഇതുപോലെ ഇന്ത്യ ഒരുപാട് അവസരങ്ങൾ നൽകുന്നു. മോശം പ്രകടനങ്ങൾ കാഴ്ചവെച്ചാലും അവർക്ക് ആവശ്യമായ പിന്തുണ നൽകാൻ ഇന്ത്യ തയ്യാറാവുന്നു. എന്നാൽ സൂര്യകുമാർ യാദവിനെ പോലെയുള്ള താരങ്ങളും ഇത്തരത്തിലുള്ള പിന്തുണ അർഹിക്കുന്നുണ്ട്. അത് അവർക്ക് ടീം നൽകുന്നുമില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കൂടുതൽ അവസരങ്ങൾ സൂര്യകുമാർ യാദവിന് നൽകേണ്ടതായിരുന്നു.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യക്കായി കളിച്ച ഒരു ടെസ്റ്റ് മത്സരത്തിലാണ് സൂര്യകുമാർ യാദവ് പരാജയപ്പെട്ടത്. അതിന് ശേഷം അവനെ നിശ്ചിത ഓവർ ക്രിക്കറ്റിലേക്ക് മാത്രമായി പ്രതിഷ്ഠിക്കാൻ ഇന്ത്യൻ സെലക്ടർമാർ തീരുമാനിച്ചു. ഇതിനർത്ഥം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ മറ്റു താരങ്ങളെ പരിഗണിക്കുന്നു എന്നതാണ്. ഋതുരാജു സുദർശനുമൊക്കെ ആഭ്യന്തര ക്രിക്കറ്റിലും മറ്റു പര്യടനങ്ങളിലുമൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. അതുകൊണ്ടുതന്നെ ഗില്ലിന് പകരം ഇവരെയും ഇന്ത്യ ഉയർത്തിക്കൊണ്ടു വരണം. 10 അവസരങ്ങൾ ലഭിച്ചാൽ അതിൽ ഒരു മത്സരത്തിൽ മാത്രം മികവ് പുലർത്തുന്ന താരമായി ഗിൽ മാറിയിരിക്കുകയാണ്. ഇന്ത്യയിൽ റൺസ് സ്വന്തമാക്കാനും വിക്കറ്റുകൾ നേടാനും ഏതു താരത്തിനും സാധിക്കും. പക്ഷേ സേനാ രാജ്യങ്ങളിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ നിങ്ങൾ ഫോമിലല്ല എന്നതാണ് അർത്ഥം.”- ശ്രീകാന്ത് പറഞ്ഞുവയ്ക്കുന്നു.