“ഇത്തരത്തിൽ ഭയപ്പാടില്ലാതെ തന്നെ ഇനിയും കളിക്കും, ഇതാണ് കൃത്യമായ വഴി “- വിജയത്തെപറ്റി ഗംഭീർ.

ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ തകര്‍പ്പന്‍ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു അഭിഷേക് ശർമ കാഴ്ചവെച്ചത്. മത്സരത്തിൽ 54 പന്തുകളിൽ 135 റൺസ് സ്വന്തമാക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചു.

അഭിഷേകിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 247 റൺസായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് പൂർണമായും തകർന്നു വീഴുകയുണ്ടായി. കേവലം 97 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. ഇതോടെ ഇന്ത്യ 150 റൺസിന്റെ വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യയുടെ ഹെഡ് കോച്ചായ ഗൗതം ഗംഭീർ സംസാരിക്കുകയുണ്ടായി.

“ഇംഗ്ലണ്ട് വളരെ നിലവാരമുള്ള ഒരു ടീം തന്നെയാണ്. അതുകൊണ്ടു തന്നെ മത്സരത്തിൽ പരാജയപ്പെടുമോ എന്ന ഭയം ഞങ്ങൾക്ക് ഒഴിവാക്കണമായിരുന്നു.  250നും 260നും ഇടയ്ക്ക് വരുന്ന ഒരു സ്കോറായിരുന്നു ഞങ്ങൾ ലക്ഷ്യംവച്ചത്. ഇത്തരത്തിലുള്ള ക്രിക്കറ്റ് കളിക്കുന്നത് മൂലം ഞങ്ങൾ ചില മത്സരങ്ങളിൽ 120 റൺസിന് ഓൾഔട്ടായേക്കാം. പക്ഷേ ഇപ്പോൾ ഞങ്ങൾ പോകുന്നത് കൃത്യമായ വഴിയിലൂടെ തന്നെയാണ്. ഇത്തരത്തിൽ ഭയപ്പാടില്ലാത്ത മത്സരം കാഴ്ചവച്ച് മുമ്പോട്ട് പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അഭിഷേക് ശർമയെ പോലെയുള്ള താരങ്ങൾക്ക് ഞങ്ങൾ കൂടുതൽ പിന്തുണ നൽകും.”- ഗംഭീർ പറഞ്ഞു.

“നിലവിൽ ടീമിലുള്ള താരങ്ങളിൽ കൂടുതൽ പേരും ഭയപ്പാടില്ലാത്ത ക്രിക്കറ്റ് എന്ന പ്രത്യയശാസ്ത്രം ഉൾക്കൊണ്ടവരാണ്. 140- 150 കിലോമീറ്റർ സ്പീഡിൽ പന്തെറിയുന്ന ബോളർമാർക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ട് അഭിഷേക്  സെഞ്ചുറി സ്വന്തമാക്കി. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സെഞ്ച്വറികളിൽ ഒന്നാണ് മത്സരത്തിൽ പിറന്നത്. ഇപ്പോൾ ടീമിൽ കളിക്കുന്ന താരങ്ങളൊക്കെയും പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ളതാണ്. അതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു പ്രത്യേകതയും.”- ഗംഭീർ കൂട്ടിച്ചേർത്തു.

“മത്സരഫലങ്ങൾ നമ്മളുടെ ദിശയിലേക്ക് വരാൻ തുടങ്ങുമ്പോൾ എല്ലാം നമുക്ക് അനുകൂലമായി മാറും. 140- 150 കോടി ഇന്ത്യൻ ജനങ്ങളെ പ്രതിനിധീകരിക്കുമ്പോൾ എന്താണ് വേണ്ടത് എന്ന് നമ്മുടെ കളിക്കാർക്കറിയാം. എന്നെ സംബന്ധിച്ച് ബിഷ്ണോയിയുടെയും വരുൺ ചക്രവർത്തിയുടെയും ബോളിംഗും മത്സരങ്ങളിൽ വളരെ നിർണായകമാണ്. ബാറ്റിംഗിൽ കൂടുതൽ റൺസ് എടുക്കാനും നമ്മൾ ശ്രമിക്കണം. ആദ്യ 7 ബാറ്റർമാരുടെയും പ്രകടനം നിർണായകമാണ്. മത്സരത്തിൽ മുൻകൂട്ടി ബാറ്റിംഗ് ഓർഡർ നിശ്ചയിച്ചിരുന്നില്ല. ഓപ്പണർമാരുടെ സ്ഥാനം മാത്രമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത്തരത്തിൽ ആക്രമണ ശൈലിയിൽ തന്നെ കളിക്കാനാണ് ഞങ്ങൾ ചിന്തിച്ചിരുന്നത്.”- ഗംഭീർ പറഞ്ഞുവെക്കുന്നു