പാകിസ്ഥാനെതിരെ അവർ ശ്രദ്ധിച്ചില്ലേൽ നമ്മൾക്ക് പണിയാകും :മുന്നറിയിപ്പുമായി ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ഏറെ ആവേശത്തിലാണ്. വരാനിരിക്കുന്ന ടി :20 ലോകകപ്പിനുള്ള മത്സരക്രമവും ഒപ്പം സൂപ്പർ 12 പോരാട്ടങ്ങളിലെ ഗ്രൂപ്പുകളും എല്ലാം കഴിഞ്ഞ ദിവസമാണ് ഐസിസി പ്രഖ്യാപിച്ചത്. കരുത്തരായ ഇന്ത്യയും ഒപ്പം പാകിസ്ഥാൻ ടീമും ഒരേ ഗ്രൂപ്പിൽ എത്തിയ സാഹചര്യത്തിൽ ഇരുവരും തമ്മിലുള്ള മത്സരം കാണുവാൻ കഴിയുന്ന സന്തോഷം ആരാധകരും സോഷ്യൽ മീഡിയയും ഇപ്പോൾ ആഘോഷമാക്കി മാറ്റുകയാണ്. എന്നാൽ വരാനിരിക്കുന്ന പാകിസ്ഥാൻ ടീമിനെതിരായ മത്സരം ഇന്ത്യൻ ടീമിന് എളുപ്പമാവില്ല എന്നുള്ള സൂചനകൾ ഏറെ വിശദമായി വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങൾ എല്ലാ കാലവും ടെൻഷൻ സമ്മാനിക്കാറുണ്ട് എന്ന് വിശദമാക്കിയ താരം ഇന്ത്യൻ ടീം എപ്പോഴും പാകിസ്ഥാൻ ടീമിനെതിരെ കളിക്കുവാൻ ലഭിക്കുന്ന അവസരങ്ങളിൽ വിജയമാണ് ലക്ഷ്യമിടുന്നത് എന്നും തുറന്ന് പറഞ്ഞു. പാകിസ്ഥാൻ ടീമിന് എതിരെയുള്ള മത്സരം എന്നൊക്കെ എല്ലാ ആരാധകരും പറയുമ്പോൾ അതും ലോകകപ്പ് വേദിയിലാകുമ്പോൾ ചില യുവതാരങ്ങൾ സമ്മർദത്തിലായേക്കാം എന്നും ഗംഭീർ മുന്നറിയിപ്പ് നൽകി.ടീമിലെ സീനിയർ താരങ്ങളാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും ഗംഭീർ വ്യക്തമാക്കി.

“അന്ന് ഞാൻ ആദ്യമായി പാകിസ്ഥാൻ ടീമിനെതിരെ കളിച്ചപ്പോൾ എനിക്ക് അൽപ്പം ടെൻഷൻ അനുഭവിക്കേണ്ടി വന്നിരുന്നു. പക്ഷേ ടീമിലെ മറ്റുള്ള പല താരങ്ങളും മുൻപ് പാകിസ്ഥാൻ ടീമിന് എതിരെ കളിച്ച അനുഭവം എന്നോട് പല തവണ പങ്കുവെച്ചിരുന്നു. അതിനാൽ വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ സീനിയർ താരങ്ങൾ യുവ താരങ്ങളെ കൂടി സമ്മർദ്ദം ഇല്ലാതെ ഒപ്പം കൂട്ടണം. ഇക്കാര്യത്തിൽ അവർക്ക് വലിയ ഒരു റോൾ നിർവഹിക്കാനുണ്ട്.”ഗൗതം ഗംഭീർ അഭിപ്രായം വിശദമാക്കി.