ഇന്ത്യയെ സംബന്ധിച്ച് 2024-25ലെ ബോർഡർ- ഗവാസ്കർ ട്രോഫി ഒരുപാട് വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഇന്ത്യൻ ഡ്രെസ്സിങ് റൂമിലുള്ള പല സംഭാഷണങ്ങളും ലീക്കാവുകയും അത് പത്ര മാധ്യമങ്ങളിൽ എത്തുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഇക്കാര്യത്തെ സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിച്ചിരുന്നു. ഇത്തരത്തിൽ ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങൾ പുറത്തുവിട്ട താരങ്ങളെ ഗംഭീർ നാലാം ടെസ്റ്റ് മത്സരത്തിനുശേഷം ഭീഷണിപ്പെടുത്തിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഒന്നുകിൽ താരങ്ങൾ ടീമിന്റെ നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അല്ലാത്തപക്ഷം ടീമിന് പുറത്തേക്ക് പോകണമെന്നും ഗംഭീർ ഇത്തരം താരങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു മെൽബൺ ടെസ്റ്റ് മത്സരത്തിലെ മോശം ഷോട്ട് സെലക്ഷന്റെ പേരിൽ റിഷഭ് പന്തിനെതിരെയും ഗംഭീർ മുൻപ് രംഗത്തെത്തിയിരുന്നു. മത്സരത്തിലെ പരാജയത്തിൽ പന്ത് കാരണക്കാരനായി എന്നായിരുന്നു ഗംഭീർ പറഞ്ഞത്. ഈ വിവരം പുറത്തുവരികയും, ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഇന്ത്യയെ വലിയ രീതിയിൽ കളിയാക്കുകയും ചെയ്തിരുന്നു. പത്രസമ്മേളനത്തിനിടെ ഇക്കാര്യം ഗംഭീറിനോട് ഒരു ജേണലിസ്റ്റ് ചോദിച്ചു. നേരിട്ട് ഒന്നുംതന്നെ മറുപടിയായി പറയാൻ ഗംഭീർ തയ്യാറായില്ല. പക്ഷേ ഡ്രസ്സിംഗ് റൂമിലുള്ള സംഭാഷണങ്ങൾ അതിനുള്ളിൽ തന്നെ നിൽക്കണം എന്നാണ് ഗംഭീർ മറുപടി നൽകിയത്.
ഇന്ത്യയുടെ യുവതാരമായ സർഫറാസ് ഖാനെ പറ്റിയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ന്യൂസ് 24ന്റെ റിപ്പോർട്ട് പ്രകാരം ഇത്തരത്തിൽ ഡ്രസ്സിങ് റൂമിലെ വാർത്തകൾ പുറത്തുവിടുന്നതിന്റെ പേരിൽ സർഫറാസ് ഖാനെ ഗംഭീർ കുറ്റക്കാരനാക്കിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിൽ പോലും കളിക്കാനുള്ള അവസരം സർഫറാസിന് ലഭിച്ചിരുന്നില്ല പക്ഷേ ഡ്രസിങ് റൂമിലെ കലഹങ്ങൾ മീഡിയയുടെ മുൻപിൽ എത്തിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളാണ് സർഫറാസിന് ഗംഭീറിന്റെ കയ്യിൽ നിന്ന് കേൾക്കേണ്ടി വന്നത്.
മത്സരങ്ങൾക്ക് ശേഷം ബിസിസിഐ അധികൃതരുമായി സംസാരിക്കുന്ന വേളയിലും ഗംഭീർ സർഫറാസിന്റെ പേര് വെളിപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയും ചീഫ് സെലക്ടറായ അജിത്ത് അഗാർക്കറും ചർച്ചയിൽ പങ്കെടുക്കുന്ന സമയത്താണ് ഗംഭീർ സർഫറാസ് ഖാനെ കുറ്റക്കാരനാക്കിയത്. എന്തായാലും ഇന്ത്യൻ ടീമിലെ ആഭ്യന്തര കലഹങ്ങൾ ഈ സംഭവത്തോട് കൂടി കൂടുതൽ വ്യക്തമായിരിക്കുകയാണ്.