ജയസ്വാളിനെ അടുത്ത ക്യാപ്റ്റനാക്കണമെന്ന് ഗംഭീർ. മറ്റൊരാളെ തിരഞ്ഞെടുത്ത് അഗാർക്കർ. സ്വരചേർച്ച.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ രോഹിത് ശർമയുടെ നായകസ്ഥാനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇനിയും രോഹിത് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ നായകനായി തുടരണമോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. ഈ സമയത്ത് രോഹിത്തിന്റെ പിൻഗാമിയെ കണ്ടെത്താനായി ഇന്ത്യൻ ടീം ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

എന്നാൽ രോഹിത്തിന്റെ പിൻഗാമിയായി ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറിനും വ്യത്യസ്തമായ നിലപാടാണുള്ളത് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇന്ത്യയുടെ യുവതാരമായ യശസ്വി ജയസ്വളിനെ അടുത്ത നായകനായി നിയമിക്കണം എന്ന നിലപാടാണ് ഗംഭീറിനുള്ളത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ അതേസമയം അഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റിക്ക് റിഷഭ് പന്തിനെ നായകനായി നിലനിർത്താനാണ് താല്പര്യമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിലെ ഇന്ത്യയുടെ ഉപനായകനായ ജസ്പ്രീറ്റ് ബുമ്രയെ തുടർച്ചയായി പരിക്കുകൾ പിടികൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റു താരങ്ങളിലേക്ക് ചർച്ചകൾ പുരോഗമിച്ചത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഥവാ ബുമ്ര തന്നെ ഇന്ത്യയുടെ ടെസ്റ്റ് നായകനായാലും ഉപനായകനായി ഒരാൾ വേണമെന്ന നിലപാടാണ് നിലവിലെ ടീമിനുള്ളത്. അങ്ങനെയെങ്കിൽ ശക്തനായ ഒരു ഉപനായകനെ ഇന്ത്യയ്ക്ക് വേണമെന്ന് സെലക്ടർമാർ പറയുന്നു. അങ്ങനെയെങ്കിൽ ബൂമ്രയ്ക്കൊപ്പം ജയസ്വാളിനെ ഉപനായക പദവിയിലേക്ക് ഉയർത്താമെന്നാണ് ഗംഭീറിന്റെ നിർദ്ദേശം. പക്ഷേ ഇത്തരത്തിൽ ഉപനായകനാവാൻ ഏറ്റവും ഉത്തമം പന്താണ് എന്ന് സെലക്ടർമാരും പറയുന്നു. നിലവിലെ ഇന്ത്യയുടെ ട്വന്റി20 നായകൻ സൂര്യകുമാർ യാദവാണ്. എന്നാൽ സൂര്യയെ ഇന്ത്യ ടെസ്റ്റ്- ഏകദിന ടീമുകളിൽ പരിഗണിക്കേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോഴും ടീമിനുള്ളത്.

ഓസ്ട്രേലിയൻ പര്യടനത്തിലെ പ്രകടനം വിലയിരുത്താനായി ഒരു യോഗം കൂടുകയുണ്ടായി. ഇതിൽ ബിസിസിഐ അടുത്ത നായകനെ കണ്ടെത്തുന്നത് വരെ ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും രോഹിത് തന്നെ നായകനായി തുടരണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മാത്രമല്ല പുതിയ നായകനെ ടീം മാനേജ്മെന്റ് കണ്ടെത്തുകയാണെങ്കിൽ അവന് പൂർണമായ പിന്തുണ താൻ നൽകുമെന്നും രോഹിത് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് ശേഷമാണ് ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് തന്നെ ടീമിനെ നയിക്കണമെന്ന തീരുമാനത്തിൽ എല്ലാവരും എത്തിയത്.

Previous articleസഞ്ജു ഓപ്പണർ, തിലക് വർമ മൂന്നാം നമ്പറിൽ. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സാധ്യത പ്ലെയിങ് ഇലവൻ.