ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത് തിലക് വർമയുടെ അവിസ്മരണീയ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. മത്സരത്തിൽ ഇന്ത്യ പരാജയത്തിന്റെ വക്കിൽ നിൽക്കുന്ന സമയത്താണ് തിലക് വർമ ഹീറോയായി അവതരിച്ചത്. മത്സരത്തിലെ തന്റെ വമ്പൻ പ്രകടനത്തിന് കാരണം ഹെഡ് കോച്ചായ ഗൗതം ഗംഭീറിന്റെ ലളിതമായ ചില ഉപദേശങ്ങളാണ് എന്ന് തിലക് വർമ പറയുകയുണ്ടായി.
ഈ ഉപദേശങ്ങളാണ് രണ്ടാം ട്വന്റി20യിൽ തന്നെ സഹായിച്ചത് എന്നും താരം തുറന്നു പറഞ്ഞിരിക്കുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് 7 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന സമയത്ത് ഒരോവറിൽ ഒരു ബൗണ്ടറിവീതം സ്വന്തമാക്കാനാണ് ഗംഭീർ ആവശ്യപ്പെട്ടത് എന്ന് തിലക് പറയുന്നു.
എന്നാൽ ഗംഭീറിന്റെ ഈ തന്ത്രം നേരിട്ട് ഉപയോഗിക്കുന്നതിലുപരിയായി, തന്റെ കൂടെയുള്ള വാലറ്റ ബാറ്റർമാർക്ക് പ്രചോദനം നൽകുകയാണ് താൻ ചെയ്തത് എന്നും തിലക് വർമ പറഞ്ഞു. ഒമ്പതാം നമ്പർ ബാറ്ററായ രവി ബിഷണോയി അടക്കമുള്ളവരോട് ഗംഭീറിന്റെ ഈ തന്ത്രം പറഞ്ഞുകൊടുക്കുകയും അത് ഇന്ത്യക്ക് ഗുണകരമായി മാറുകയും ചെയ്തു എന്നാണ് തിലക് വർമയുടെ പക്ഷം.
മത്സരത്തിന്റെ അവസാന 3 ഓവറുകളിൽ 20 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്. 18ആം ഓവറിൽ ബിഷണോയി ഒരു ബൗണ്ടറി സ്വന്തമാക്കി. ശേഷം 19ആം ഓവറിലും ഒരു ബൗണ്ടറി നേടാൻ താരത്തിന് സാധിച്ചു. ഇതോടെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 6 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഇത് അനായാസം തിലക് വർമ സ്വന്തമാക്കുകയായിരുന്നു.
“മത്സരത്തിൽലെ വിക്കറ്റ് 2 പേസ് ഉള്ളതായിരുന്നു. ബോളർമാർക്കും ബാറ്റർമാർക്കും ആവശ്യമായത് വിക്കറ്റിൽ ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ബാറ്റ് ചെയ്ത സമയത്ത് നിരന്തരമായി ബാറ്റർമാർ പുറത്തായി കൊണ്ടിരുന്നു. ഈ സമയത്ത് ഗൗതം ഗംഭീർ എനിക്ക് ഒരു ഉപദേശം നൽകി. സാഹചര്യത്തിനനുസരിച്ച് മുന്നോട്ടു പോകാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. 7- 8 റൺസ് ഓരോ ഓവറിൽ ആവശ്യമായി വരുമ്പോൾ കൃത്യമായി ഒരു ബൗണ്ടറി വീതം ഓവറിൽ സ്വന്തമാക്കാൻ ശ്രമിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.”- തിലക് വർമ പറയുന്നു.
“മത്സരത്തിൽ മൂന്നാം നമ്പറിൽ തന്നെ എത്താനായിരുന്നു എന്റെ ലക്ഷ്യം. കാരണം ആ സമയത്ത് ഒരു ഇടംകൈ- വലംകൈ കോമ്പിനേഷൻ ആയിരുന്നു ആവശ്യം. ആദ്യ ഓവറുകളിൽ വളരെ സ്പീഡിൽ തന്നെയാണ് ആർച്ചറും വുഡും പന്തറിഞ്ഞത്. വളരെ നന്നായി അവർ ബോൾ ചെയ്തു. പക്ഷേ ഞങ്ങൾ എല്ലാതരത്തിലും തയ്യാറായിരുന്നു. നെറ്റ്സിൽ ഞങ്ങൾ ആവശ്യത്തിന് കഠിനപ്രയത്നങ്ങൾ നടത്തി. മത്സരത്തിന്റെ താളത്തിനനുസരിച്ച് കളിക്കാനാണ് ബിഷ്ണോയോട് ഞാൻ ആവശ്യപ്പെട്ടത്. അവൻ കൃത്യമായി ഷോട്ടുകൾ കളിക്കുകയും ഞങ്ങൾക്ക് അത് ഗുണം ചെയ്യുകയും ചെയ്തു. അവൻ മത്സരത്തിൽ നേടിയ 2 ബൗണ്ടറികൾ നിങ്ങൾ കണ്ടിട്ടുണ്ടാവും. അതൊക്കെയും അവിസ്മരണീയമായിരുന്നു. അത് മത്സരം ഫിനിഷ് ചെയ്യാൻ സഹായികരമായി.”- തിലക് കൂട്ടിച്ചേർക്കുന്നു.



