നാല് ബോളിൽ നാല് വിക്കെറ്റ് : അപൂർവ്വ റെക്കോർഡുമായി ആയർലൻഡ് പേസർ

ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം ഇപ്പോൾ ടി :20 ലോകകപ്പ് ആവേശം ഏറെക്കുറെ ഉയർന്ന് കഴിഞ്ഞു. ഐപില്ലിന് പിന്നാലെ ദുബായിലെ മണ്ണിൽ ടി :20 ക്രിക്കറ്റ്‌ ആവേശവും നാടകീയതയും ഒരിക്കൽ കൂടി ഉയരുമ്പോൾ ഏതൊക്കെ ടീമുകളാകും ലോകകപ്പ് സൂപ്പർ 12 റൗണ്ടിലേക്ക് കൂടി യോഗ്യത നേടുക എന്നതും വളരെ ഏറെ നിർണായകമാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന ആയർലൻഡ് :നെതർലൻഡ് മത്സരത്തിൽ പിറന്ന അപൂർവ്വമായ ഒരു റെക്കോർഡാണ് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുന്നത്.

അത്യന്തം ആവേശകരം ആയ മത്സരത്തിൽ പിറന്ന മാജിക് ബൗളിംഗ് പ്രകടനത്തിന് കയ്യടികൾ നൽകുകയാണ് ക്രിക്കറ്റ്‌ ആരാധകർ. ടി :20 യോഗ്യത മത്സരത്തിലെ നിർണായക പോരാട്ടത്തിൽ ലോക റെക്കോർഡിന് കൂടി അവകാശിയായിരിക്കുകയാണ് ആയർലൻഡ് മീഡിയം പേസർ കര്‍ടിസ് കാംഫര്‍. മത്സരത്തിൽ തുടർച്ചയായ നാല് ബോളുകളിൽ നാല് വിക്കെറ്റ് വീഴ്ത്തിയ താരം അപൂർവ്വ നേട്ടവും സ്വന്തമാക്കി കഴിഞ്ഞു.

ആയർലൻഡ്:നെതർലാൻഡ് കളിയിൽ നെതർലാൻഡ് ബാറ്റിങ് നടക്കവേ പത്താം ഓവറിലാണ് കര്‍ടിസ് കാംഫര്‍ അത്ഭുത പ്രകടനം പുറത്തെടുത്തത്. പത്താമത്തെ ഓവറിലെ രണ്ടാമത്തെ പന്തില്‍ കോളിന്‍ അക്കര്‍മാനെ വിക്കറ്റിന് പിന്നിൽ ക്യാച്ച് വഴി പുറത്താക്കിയാണ്‌ ഫാസ്റ്റ് ബൗളർ കര്‍ടിസ് കാംഫര്‍ വിക്കറ്റ് വേട്ടക്ക് കൂടി തുടക്കമിട്ടത്. ശേഷം അടുത്തടുത്ത പന്തുകളിൽ ടെന്‍ ഡോഷറ്റ,സ്കോട്ട് എഡ്വേര്‍ഡ്സ്,വാന്‍ഡെല്‍ മെര്‍വിൻ എന്നിവരെ പുറത്താക്കിയ താരം ടി :20 ക്രിക്കറ്റിലെ സ്വപ്നതുല്യ നേട്ടത്തിനും അവകാശിയായി മാറി. രണ്ട് എതിർ ടീം ബാറ്റ്‌സ്മാന്മാരെ വിക്കറ്റിന് മുന്നിൽ എൽ.ബി. ഡബ്ളൂവിൽ കൂടി ഔട്ടാക്കിയ താരം വാന്‍ഡെല്‍ മെര്‍വിന്റെ സ്റ്റമ്പ് തെറിപ്പിച്ചു. മനോഹര ബൗളിംഗ് മികവിൽ മുൻപും താരം അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്ത് പ്രശംസ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ടി :20യിൽ ഇത് മൂന്നാം തവണയാണ്‌ ഒരു താരം തുടർച്ചയായ നാല് ബോളുകളിൽ നാല് വീതം വിക്കെറ്റ് വീഴ്ത്തുന്നത്. 2019ല്‍ അയര്‍ലന്‍ഡിനെതിരെ ആയിരുന്നു റാഷിദ് ഖാന്‍ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു പന്തില്‍ നാലു വിക്കറ്റെടുത്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. അതേവര്‍ഷം ന്യൂസിലന്‍ഡിനെതിരെ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത് ശ്രീലങ്കയുടെ ലസിത് മലിംഗയും റാഷിദിന്‍റെ നേട്ടത്തിനൊപ്പമെത്തി.