ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന് ശേഷം ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിയ്ക്കും ഹെഡ് കോച്ച് ഗൗതം ഗംഭീറിനുമേതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
ഇന്ത്യയുടെ ലോകകപ്പ് വിജയ ക്യാമ്പയിനിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ശിവം ദുബെ. എന്തുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് ദുബെയെ ഒഴിവാക്കിയത് എന്നാണ് ചോപ്ര ചോദിക്കുന്നത്. ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ സിംബാബ്വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ ട്വന്റി20 പരമ്പരയിലും ശിവം ദുബെ കളിച്ചിരുന്നു. ശേഷമാണ് ദുബെയെ ഇന്ത്യ പിന്തള്ളിയത്.
“എന്താണ് ശിവം ദുബെയ്ക്ക് സംഭവിച്ചത്? ഇതേ പോലെ, ഋതുരാജ് ഗെയ്ക്വാഡിനും എന്താണ് സംഭവിച്ചത്? രജത് പട്ടിദാറും ഇത്തവണ ടീമിൽ ഉൾപ്പെട്ടിട്ടില്ല. എന്തായാലും ഞാനിപ്പോൾ പ്രധാന ശ്രദ്ധ ചെലുത്തുന്നത് ശിവം ദുബെയിലേക്കാണ്. ഇന്ത്യ ട്വന്റി20 ലോകകപ്പ് വിജയിച്ച സമയത്ത് ടീമിലെ അംഗമായിരുന്നു ശിവം ദുബെ. നമ്മൾ ഒരു ടൂർണമെന്റിൽ വിജയിക്കുമ്പോൾ ടീമിലുള്ള എല്ലാ താരങ്ങൾക്കും ക്രെഡിറ്റ് നൽകണം. ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിലടക്കം മികച്ച പ്രകടനമാണ് ദുബെ കാഴ്ചവച്ചത്. ഇതിനു മുൻപ് ദുബെയുടെ ഫീൽഡിഗും ബാറ്റിംഗും ശരിയല്ല എന്ന രീതിയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. പക്ഷേ ഇന്ത്യയെ ട്വന്റി20 ചാമ്പ്യന്മാർ ആക്കുന്നതിൽ ദുബെ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു.”- ചോപ്ര പറയുന്നു.
ഇക്കാരണത്താൽ ദുബെ ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു എന്നാണ് ആകാശ് ചോപ്രയുടെ വിലയിരുത്തൽ. “ലോകകപ്പിന് ശേഷം കുറച്ചുനാൾ ദുബെ പരിക്കുമൂലം മാറി നിന്നിരുന്നു. മാത്രമല്ല ടീമിൽ ആവശ്യത്തിന് അവസരങ്ങളും അവന് ലഭിച്ചില്ല. ഇപ്പോൾ അവൻ ടീമിന് പുറത്തായിരിക്കുന്നു. അവനെപ്പറ്റി പലരും സംസാരിക്കുന്നില്ല എന്നതാണ് വ്യത്യസ്തമായ കാര്യം. പെട്ടെന്ന് തന്നെ അവൻ ഇന്ത്യയുടെ ലൈം ലൈറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
“അവൻ ലോകകപ്പ് ടീമിൽ കളിക്കാൻ അർഹനായിരുന്നുവെങ്കിൽ, ഉറപ്പായും ഒന്നോ രണ്ടോ വർഷങ്ങൾ ഇന്ത്യൻ ടീമിൽ കളിക്കാനും അർഹൻ തന്നെയാണ്. പരിക്ക് മൂലമാണ് അവന് കുറച്ചുനാൾ ഇന്ത്യൻ ടീമിന് പുറത്തിരിക്കേണ്ടി വന്നത്. അങ്ങനെയുള്ള താരങ്ങൾ പരിക്ക് മാറുമ്പോൾ ടീമിലേക്ക് തിരികെ വരേണ്ടതുണ്ട്. അവർക്ക് പകരക്കാരായി ആരെത്തിയാലും അതൊരു പ്രശ്നമാകാൻ പാടില്ല. പക്ഷേ ഇപ്പോൾ ദുബെയുടെ കാര്യത്തിൽ അതല്ല സംഭവിച്ചിരിക്കുന്നത്.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.