ഡാരില്‍ മിച്ചലിന്‍റെ ഫിനിഷിങ്ങിനിടെ ഓര്‍മ്മ വന്നത് ധോണി പറഞ്ഞ വാക്കുകള്‍

ഡാരില്‍ മിച്ചലിന്‍റെ ഫിനിഷിങ്ങ് മികവാണ് ന്യൂസിലന്‍റിനെ ഇതാദ്യമായി ടി20 ലോകകപ്പ് സെമിഫൈനലില്‍ എത്തിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മറുവശത്ത് ഉറച്ച് നിന്ന ന്യൂസിലന്‍റ് താരം പുറത്താവതെ 72 റണ്‍സാണ് നേടിയത്. 42 പന്തില്‍ 4 വീതം ബൗണ്ടറിയും സിക്സുമാണ് ഈ ഇന്നിംഗ്സില്‍ ഡാരില്‍ മിച്ചല്‍ നേടിയത്.

13 ന് 2 എന്ന നിലയില്‍ നിന്നുമാണ് ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍റ് വിജയിച്ചു കയറിയത്. മത്സരത്തിനിടെ മുന്‍ ന്യൂസിലന്‍റ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗള്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ വാക്കുകള്‍ ഓര്‍ത്തെടുത്തു.

” മഹാനായ ധോണി, മികച്ച ഫിനിഷര്‍. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എത്രനേരം ഒരു താരം ക്രീസില്‍ പിടിച്ചുനില്‍ക്കുന്നുവോ അത്രത്തോളം സമയം എതിര്‍ ബൗളര്‍മാരെ വിയര്‍ക്കും. അതാണ് മിച്ചല്‍ ഇപ്പോള്‍ ചെയ്യുന്നത്. രണ്ട് ബാറ്റര്‍മാര്‍ പുറത്താകുന്നത് മിച്ചല്‍ കണ്ടു. എന്നിട്ടും അവസാനം വരെ താരം പിടിച്ചുനിന്നു. മാത്രമല്ല, ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു ”

അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. ക്രിസ് വോക്‌സിനെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിയ മിച്ചല്‍ ആ ഓവറിന്റെ അവസാന പന്തില്‍ ബൗണ്ടറി പായിച്ച് വിജയം പൂര്‍ത്തിയാക്കി.