അവർ എന്തുകൊണ്ട് തോൽവിക്ക് ശേഷവും ബ്രേക്ക്‌ എടുക്കുന്നു:രൂക്ഷ വിമർശനവുമായി മുൻ സെലക്ടർ

ഇന്ത്യൻ ക്രിക്കറ്റ് എല്ലാകാലവും വളരെ അധികം ആരാധകരെ കരസ്ഥമാക്കിയ ചരിത്രമുണ്ട്. ആരാധകരിൽ പലരും മൂന്ന് ഫോർമാറ്റിലെയും ഇന്ത്യൻ ടീമിന്റെ ഈ സ്ഥിരതയാർന്ന പ്രകടനത്തിൽ പൂർണ്ണ സംതൃപ്തി അറിയിക്കാറുമുണ്ട്. എന്നാൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ന്യൂസിലാൻഡ് ടീമിനോട് എട്ട് വിക്കറ്റിന്റെ തോൽവി നേരിട്ട ഇന്ത്യൻ ടീം പ്രഥമ ടെസ്റ്റ് ലോകകപ്പ് നഷ്ടമാക്കി. ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും എതിരെ വിമർശനങ്ങൾ ശക്തമാണ്. ബാറ്റിങ് നിരയുടെ തകർച്ചയും ഒപ്പം ബൗളിംഗ് നിര സാഹചര്യത്തിന് ഒപ്പം പ്രകടനം കാഴ്ചവെച്ചില്ലയെന്നും ക്രിക്കറ്റ് ആരാധകർ വിമർശനം പങ്കിടുന്നു.

എന്നാൽ നിലവിൽ ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ സംഘം വരാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഒരുക്കങ്ങൾ ആരംഭിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പിലുമാണ്. ഇന്ത്യൻ ടീമിനും ഒപ്പം താരങ്ങൾക്ക് എല്ലാം മൂന്ന് ആഴ്ച അടുത്ത ടെസ്റ്റ് പരമ്പരക്ക് മുൻപായി വിശ്രമം അനുവദിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. മൂന്ന് ആഴ്ച ഹോളിഡേ ടീമിന് നൽകിയതിൽ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ ടീം ചീഫ് സെലക്ടർ ദിലീപ് വെങ്സാർക്കർ. ഇത്ര മോശം പ്രകടനത്തിൽ ഒരു ഫൈനൽ മത്സരം തോറ്റിട്ടും അടുത്ത ടെസ്റ്റ് പരമ്പര വരുവാനിരിക്കെ എങ്ങനെ 3 ആഴ്ച കാലം ഹോളിഡേ ആഘോഷിക്കാൻ താരങ്ങൾ എല്ലാവരും തയ്യാറെടുക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

“ഫൈനലിലെ നമ്മുടെ തോൽവി വളരെ ദയനീയമാണ്. ഇപ്രകാരം തോൽവിക്ക് കാരണവും നമ്മുടെ തയ്യാറെടുപ്പുകൾ ഇല്ലാതെയുള്ള മത്സരമാണ്. കിവീസ് ടീം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചാണ് ഫൈനലിനിറങ്ങിയത്.പക്ഷേ യാതൊരു മത്സര പരിചയവും ഇല്ലാതെ നമ്മൾ കളിക്കുകയും തോൽവി തന്നെ നേരിടുകയും ചെയ്തു.ഫൈനലിന് മുൻപ് വരെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം ഗംഭീരമായിരുന്നു പക്ഷേ ഫൈനലിന് മുൻപായി യാതൊരു വിധ മുന്നൊരുക്കവും നമ്മൾ നടത്തിയില്ല. വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ഈ തെറ്റ് ആവർത്തിക്കില്ല എന്നും വിശ്വസിക്കാം ” ദിലീപ് വെങ്‌സാർക്കർ അഭിപ്രായം വിശദമാക്കി