ഫ്ലോറിഡയിൽ ബാറ്റിങ് പറുദീസ. സഞ്ജുവിന് റൺസ് കണ്ടെത്താൻ സുവർണാവസരമെന്ന് ജാഫർ.

ഇന്ത്യയുടെ വെസ്റ്റിൻഡിസിനെതിരായ നാലാം ട്വന്റി20 നടക്കുന്ന ഫ്ലോറിഡയിലെ പിച്ച് ബാറ്റിംഗിന് അനുകൂലമായതാവും എന്ന പ്രവചനവുമായി ഇന്ത്യൻ താരം വസീം ജാഫർ. ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ ശുഭ്മാൻ ഗില്‍ തുടങ്ങിയ താരങ്ങളൊക്കെയും മത്സരത്തിൽ വലിയ സ്കോർ കണ്ടെത്തണം എന്നാണ് വസീം ജാഫർ പറയുന്നത്. പലപ്പോഴും ഫ്ലോറിഡയിലെ പിച്ചിന്റെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് വസീം ജാഫർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സഞ്ജുവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ഫോമിനെ സംബന്ധിച്ചാണ് നിലവിൽ ഏറ്റവുമധികം ചർച്ചകൾ നടക്കുന്നത്. ഏകദിനങ്ങളിൽ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും ട്വന്റി ട്വന്റികളിൽ ഇരുവരും പൂർണമായും പരാജയപ്പെടുകയുണ്ടായി. എന്നാൽ ഇരുവർക്കും തിരിച്ചുവരാനുള്ള വഴി തന്നെയാണ് ഫ്ലോറിഡയിലെ മത്സരം എന്ന് വസീം ജാഫർ കരുതുന്നു.

ഇഎസ്പിഎൻ ക്രിക്കിൻഫോയോട് സംസാരിക്കുന്ന സമയത്താണ് വസീം ജാഫർ ഇക്കാര്യം സൂചിപ്പിച്ചത്. “സഞ്ജു സാംസണ് കുറച്ച് റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഫ്ലോറിഡയിലേത് ഒരു ഹൈസ്കോറിങ് ഗ്രൗണ്ടാണ്. അവിടെ ബോളുകൾ കൃത്യമായി ബാറ്റിലേക്ക് തന്നെ വരും. മാത്രമല്ല സഞ്ജുവിന് അവിടെ കളിക്കുന്നത് വലിയ താല്പര്യവുണ്ടാവും. സഞ്ജുവായാലും ശുഭ്മാൻ ഗില്ലായാലും ജയ്സ്വാളായാലും, മോശം ഫോമിൽ ഉള്ളവർക്ക് ഫ്ലോറിഡയിലെതിനേക്കാൾ മികച്ച പിച്ച് ഇനി ലഭിക്കില്ല. അതുകൊണ്ടുതന്നെ അത് പരമാവധി ഉപയോഗിക്കാൻ ഈ താരങ്ങൾ ശ്രമിക്കണം.”- വസീം ജാഫർ പറഞ്ഞു.

ഇതോടൊപ്പം വെസ്റ്റിൻഡീസ് നായകൻ റോവ്മൻ പവലിന്റെ നായികത്വ മികവിനെയും വസീം ജാഫർ പ്രശംസിക്കുകയുണ്ടായി. “വിൻഡീസ് ടീമിന്റെ നായകത്വം എന്നത് വളരെ പോസിറ്റീവായാണ് പവൽ എടുത്തിരിക്കുന്നത്. നിക്കോളാസ് പൂരന് ശേഷം വെസ്റ്റിൻഡീസ് ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്ന ബാറ്റർ കൂടെയാണ് പവൽ. നിക്കോളാസ് പൂരൻ അവരുടെ ട്രംപ് കാർഡാണ്. അവർക്ക് വലിയ റൺസ് സ്വന്തമാക്കണമെങ്കിൽ പൂരൻ മികവുപുലർത്തിയെ പറ്റൂ. എന്തെന്നാൽ പവലും പൂരനും ഒഴികെയുള്ള ബാറ്റർമാർക്ക് ഇതുവരെ വലിയ സ്കോർ കണ്ടെത്താൻ സാധിച്ചിട്ടില്ല.”- വസീം ജാഫർ കൂട്ടിച്ചേർത്തു.

വലിയ പ്രതീക്ഷകളോടെ തന്നെയായിരുന്നു സഞ്ജു സാംസൺ ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലേക്ക് വന്നത്. എന്നാൽ ആദ്യ ട്വന്റി20യിൽ 12 പന്തുകളിൽ 12 റൺസ് മാത്രം നേടാനേ സഞ്ജുവിന് സാധിച്ചുള്ളൂ. പിന്നീട് രണ്ടാം ട്വന്റി20യിൽ 7 പന്തുകളിൽ 7 റൺസ് നേടിയ സഞ്ജു നിർണായ സമയത്ത് വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. എന്നാൽ മൂന്നാം മത്സരത്തിൽ സഞ്ജുവിന് ബാറ്റിംഗ് ചെയ്യാൻ അവസരം ലഭിച്ചില്ല. എന്തായാലും വരുന്ന 2 ഇന്നിംഗ്സുകളിലും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കൂ.