നിലവിലെ മികച്ച അഞ്ച് ടെസ്റ്റ് ബൗളർമാർ അവരാണ് :ഇയാൻ ചാപ്പലിന്റെ ലിസ്റ്റിൽ മൂന്ന് ഇന്ത്യക്കാർ

ആധുനിക ക്രിക്കറ്റിൽ ഏത് മത്സരവും നിയന്ത്രിക്കുവാൻ കഴിവുള്ള ബൗളിംഗ് സംഘം ഇന്ന് പല ടീമുകളിലുമുണ്ട്. ഈ താരങ്ങളിലെ മികച്ച അഞ്ച് ബൗളർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകനും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ ഇയാൻ ചാപ്പൽ.ഈ പട്ടികയിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം കണ്ടെത്തി.ദക്ഷിണാഫ്രിക്കൻ ടീമിലെ കഗിസോ റബാഡ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് എന്നിവർക്ക് പുറമെ രണ്ട് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരും ഒപ്പം ഒരു ഇന്ത്യൻ സ്പിന്നറും ഇയാൻ ചാപ്പൽ പുറത്തുവിട്ട റെഡ് ബോൾ ക്രിക്കറ്റിലെ സൂപ്പർ ബൗളർമാരുടെ ലിസ്റ്റിൽ ഇടം കണ്ടെത്തി.

ആധുനിക റെഡ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളറായി രവിചന്ദ്രൻ അശ്വിനെ മുൻ ഓസ്ട്രേലിയൻ നായകൻ ചാപ്പൽ തിരഞ്ഞെടുത്തു. ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച സ്പിൻ ബൗളർ അശ്വിനെന്ന് പറഞ്ഞ ചാപ്പൽ ഓസീസ് ഓഫ്‌ സ്പിന്നർ നഥാൻ ലിയോണ് പട്ടികയിൽ ഇടം നൽകിയില്ല എന്നതാണ് ശ്രദ്ധേയം. കരിയറിൽ 78 ടെസ്റ്റ് മത്സരം കളിച്ച അശ്വിൻ 24.69 ശരാശരിയിൽ 409 വിക്കറ്റ് വീഴ്ത്തി. ആധുനിക ക്രിക്കറ്റിൽ മുരളീധരന്റെ റെക്കോർഡ് മറികടക്കാൻ കഴിവുള്ള ഒരു ബൗളറായിട്ടാണ് അശ്വിനെ ഏവരും വിലയിരുത്തുന്നത്.

ചാപ്പലിന്റെ പട്ടിക പ്രകാരം ഏറ്റവും പ്രായം കൂടിയ പേസ് ബൗളറായ ഇഷാന്ത് ശർമ അടുത്തിടെയാണ് മുന്നൂറ് ടെസ്റ്റ് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.180ലേറെ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ്‌ ഷമി ഇപ്പോൾ പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരികെ എത്തി കഴിഞ്ഞു. ഷമി, ഇഷാന്ത് എന്നിവരെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തിയ ചാപ്പൽ ലോകത്തെ ആദ്യ നമ്പർ ബൗളറായ ബുമ്രയെ എന്താണ് ഒഴിവാക്കിയത് എന്നും ആരാധകരിൽ ചിലർ വിമർശനം ഉന്നയിക്കുന്നു.