ചെപ്പോക്കിലെ രണ്ടാം ടെസ്റ്റ് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുത്ത് താരം : ഇന്ത്യക്ക് ആശ്വാസ വാർത്ത

ചെപ്പോക്കിൽ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി പരമ്പരയിൽ തങ്ങളുടെ സാധ്യതകൾ എല്ലാം  നിലനിർത്തുവാൻ   ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റിന്  ഇറങ്ങുന്ന  ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത.  ആദ്യ ടെസ്റ്റിന് തൊട്ടു മുമ്പ് കാല്‍ മുട്ടിന് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ കായികക്ഷമത വീണ്ടെടുത്തു. പരിക്ക് മാറി കായികക്ഷമത വീണ്ടെടുത്ത അക്സര്‍ ഇന്ന് പരിശീലനം പുനരാരംഭിച്ചു. ഇത് ഇന്ത്യൻ ക്യാംപിന് നൽകുന്ന സന്തോഷം വളരെ വലുതാണ് .

ഇന്നലെ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ച  അക്സര്‍  പട്ടേൽ അടുത്ത ദിവസങ്ങില്‍ തന്നെ  ബൗളിംഗ് പരിശീലനവും ആരംഭിക്കും. ഇതോടെ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍ അക്സര്‍ ടീമിലെത്തുമെന്ന് ഏതാണ്ടുറപ്പായി. അക്സര്‍ അന്തിമ ഇലവനിലെത്തിയാല്‍ ഇടം കൈയന്‍ സ്പിന്നറായ ഷഹബാസ് നദീം പ്ലെയിങ് ഇലവനിൽ നിന്ന്  പുറത്താവും. അക്സർ പട്ടേലിനൊപ്പം പരിശീലന സെക്ഷനിൽ രവി ശാസ്ത്രി , ബൗളിംഗ് കോച്ച് ,ബാറ്റിംഗ് കോച്ച് എന്നിവർ ഒരുപാട് സമയം ചിലവിടുന്നതും കാണാമായിരുന്നു .

അതേസമയം അക്സർ പട്ടേൽ ടീമിലേക്ക് എത്തുന്നതോടെ ആദ്യ ടെസ്റ്റിൽ കളിച്ച വാഷിംഗ്‌ടൺ  സുന്ദർ ,നദീം എന്നിവർക്ക് രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമാകുവാനാണ് സാധ്യത .ആദ്യ ടെസ്റ്റിൽ ഇരുവരും ഏറെ  നിരാശയാർന്ന  ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത് . ആദ്യ ടെസ്റ്റില്‍ നദീം നാലു വിക്കറ്റ് വീഴ്ത്തിയെങ്കിലും 59 ഓവറില്‍ 233 റണ്‍സ് വഴങ്ങിയിരുന്നു. ഓവറില്‍ ശരാശരി നാലു റണ്‍സിലേറെ വഴങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര സമ്മര്‍ദ്ദത്തില്‍ നിന്ന് അകലുകയും ചെയ്തു.ഇരുവരെയും അനായാസം ഇംഗ്ലീഷ് ബാറ്റിംഗ് നിര നേരിട്ടു .

ആദ്യ ടെസ്റ്റില്‍  ഇന്ത്യയുടെ 2 പേസര്‍മാരും സ്പിന്നര്‍ രവിചന്ദ്രൻ  അശ്വിനും നന്നായി പന്തെറിഞ്ഞപ്പോള്‍ ഷഹബാസില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നും മതിയായ പിന്തുണ  ലഭിച്ചില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി തന്നെ മത്സര ശേഷം  തുറന്ന്  പറഞ്ഞിരുന്നു. അതിനാൽ തന്നെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യതയുണ്ട്.